നാഫെഡ് 12 ലക്ഷം ടൺ കാഷ്മീരി ആപ്പിൾ സംഭരിക്കും

Posted on: September 11, 2019

ശ്രീനഗർ : കാഷ്മീരിൽ ഉത്പാദിപ്പിക്കുന്ന 12 ലക്ഷം ടൺ ആപ്പിൾ നാഫെഡ് സംഭരിച്ച് വിപണിയിൽ എത്തിക്കും. വിവിധ ഏജൻസികൾ വഴിയും സോപോർ, ഷോപ്പിയാൻ ശ്രീനഗർ, അനന്തനാഗ് എന്നിവിടങ്ങളിലെ മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ നിന്നും ആപ്പിൾ സംഭരിക്കും. കഴിഞ്ഞ വർഷം 20 ലക്ഷം ടൺ ആപ്പിളാണ് കാഷ്മീരിൽ ഉത്പാദിപ്പിച്ചത്.

വിവിധ ഇനം ആപ്പിളുകൾക്കുള്ള ന്യായവില നിശ്ചയിച്ച ശേഷമായിരിക്കും സംഭരണം തുടങ്ങുന്നത്. സംഭരണ പ്രക്രിയ ഡിസംബർ 15 ന് മുമ്പ് പൂർത്തിയാക്കും. ആപ്പിളിന്റെ വില കർഷകർക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെ നൽകും. ആപ്പിൾ സംഭരണം കർഷകർക്ക് 2000 കോടി രൂപയുടെ അധികവരുമാനം ഉറപ്പാക്കും.

സംഭരണത്തിന് മേൽനോട്ടം വഹിക്കാൻ ജമ്മു കാഷ്മീർ ചീഫ്‌സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ട്. ജമ്മു കാഷ്മീരിൽ നിന്നും പ്രതിദിനം 750 ആപ്പിൾ ട്രക്കുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നുണ്ടെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.