എമിറേറ്റ്‌സ് വിമാനത്തില്‍ ഓണസദ്യ

Posted on: August 30, 2019

ദുബായ്: കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രത്യേക ഓണസദ്യയൊരുക്കുന്നു. സെപ്റ്റംബര്‍ ഒന്നിനും പതിമൂന്നിനും ഇടയില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് എമിറേറ്റ്‌സിന്റെ ഓണസദ്യ. അടപ്രഥമന്‍ ഉള്‍പ്പെടെയുള്ളവ സദ്യയിലുണ്ടാകും.

പരമ്പരാഗത ഓണവിഭവങ്ങളായ കായവറുത്തതും ശര്‍ക്കര വരട്ടിയും പുഴുങ്ങിയ വാഴപ്പഴവും മുളക് വറുത്തതും കാളന്‍, പച്ചടി, കിച്ചടി, സാലഡ്, പുളിയിഞ്ചി, പപ്പടം എന്നിവയും ഉണ്ടാക്കും. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് കേരള ശൈലിയിലുള്ള പപ്പടം, മാങ്ങ അച്ചാര്‍ എന്നിവയും നല്‍കും.

എക്കണോമി ക്ലാസില്‍ ദുബായില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആലപ്പുഴ ചിക്കന്‍കറി അല്ലെങ്കില്‍ സാമ്പാര്‍ എന്നിവയും തോരനും ചോറും സെറ്റായി നല്‍കും. പാലടപ്രഥമനും സ്‌പെഷ്യല്‍ പുഡ്ഡിങ്ങും പ്രത്യേകമായുണ്ട്. ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് മട്ടന്‍ പെപ്പര്‍ ഫ്രൈ സ്‌പെഷ്യലാണ്. രുചിയേറിയ ചിക്കന്‍കറി വേണമെന്നുള്ളവര്‍ക്ക് അതു തിരഞ്ഞെടുക്കാം. പരിപ്പ് പായസവും ഉണ്ടാകും. വാഴയിലയിലാണ് സദ്യ വിളമ്പുക. ദിവസവും രണ്ടുതവണ കൊച്ചിയിലേക്കും ആഴ്ചയില്‍ രണ്ടു തവണ തിരുവനന്തപുരത്തേക്കും എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്നുണ്ട്.

TAGS: Emirates |