കൺവെൻഷൻസ് ഇന്ത്യ സംഗമം കൊച്ചിയിൽ 29 മുതൽ

Posted on: August 18, 2019

തിരുവനന്തപുരം : കൺവെൻഷൻസ് ഇന്ത്യ കോൺക്ലേവ് ഓഗസ്റ്റ് 29 മുതൽ 31 വരെ കൊച്ചിയിൽ നടക്കും. ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന സംഗമം കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻറേയും സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും സംയുക്ത സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ സുസ്ഥിര മൈസ് ഭാവി ഭൂപടം എന്നതാണ് മുഖ്യപ്രമേയം.

ഇന്ത്യൻ കൺവെൻഷൻ പ്രൊമോഷൻ ബ്യൂറോ നേതൃത്വം നൽകുന്ന സംഗമത്തിൽ മൈസ് മേഖലയിലെ പ്രമുഖരും ലോകത്തെമ്പാടുമുള്ള അനുബന്ധ പങ്കാളികളും ബിസിനസ് ഇടപാടുകൾക്കായി ഒത്തുചേരുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സിഐസിയിലൂടെ ബൃഹത് കൺവെൻഷനുകൾക്കും പ്രദർശനങ്ങൾക്കും ആഗോള കേന്ദ്രമായി കൊച്ചി മാറ്റപ്പെടുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിപുലമായ ആഭ്യന്തര, രാജ്യാന്തര സമ്മേളനങ്ങൾക്ക് അനുയോജ്യമായ മികച്ച അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും മാനവവിഭവ ശേഷിയും കൊച്ചി പ്രദാനം ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഐസിപിബി വൈസ് ചെയർമാൻ ചന്ദേർ മൻഷരമണി, ഐസിസിഎ സിഇഒ സെന്തിൽ ഗോപിനാഥ,് കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ ജോയിൻറ് സെക്രട്ടറി സുമൻ ബില്ല, റാണി ജോർജ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ തുടങ്ങിയവർ പങ്കെടുക്കും.

ഐസിപിബിയുടെ കേരള ചാപ്റ്റർ ആരംഭിക്കുന്നതിനുള്ള മാർഗരേഖ വാർത്താ സമ്മേളനത്തിൽ ചന്ദേർ മൻഷരമണി മന്ത്രിക്കു കൈമാറി. ടൂറിസം ഡയറക്ടർ പി ബാല കിരൺ, ഐസിപിബി ഓണററി സെക്രട്ടറി അമരീഷ് കുമാർ തിവാരി, ഓണററി ട്രഷറർ ഗിരീഷ് ക്വത്ര, എക്‌സിക്യുട്ടീവ് ഡയറക്ടർ മധു ദുബെ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.