ഡോ. ബി. ഗോവിന്ദന് ഗണേശ പുരസ്‌കാരം

Posted on: August 26, 2017

തിരുവനന്തപുരം : ഗണേശോത്സവ ട്രസ്റ്റിൻറെ നാലാമത് ഗണേശ പുരസ്‌കാരത്തിനു ഭീമാ ഫൗണ്ടേഷൻ ചെയർമാനും ഭീമാ ജ്വല്ലറി മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. ഗോവിന്ദൻ (ഭീമാ ഗോവിന്ദൻ) അർഹനായി. വ്യവസായ രംഗത്തു പ്രവർത്തിക്കുമ്പോഴും സാമൂഹിക പ്രതിബദ്ധതയോടെ ഭീമാ ഫൗണ്ടേഷൻ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളും സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി ഏറ്റവും കൂടുതൽ പെൺകുട്ടികൾക്കു സ്വയംരക്ഷാ പരിശീലനം നൽകിയതിനു ലഭിച്ച ഗിന്നസ് വേൾഡ് റിക്കാർഡും പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. 51,000 രൂപയും ശില്പവും പ്രശസ്തിപത്രവും നൽകും.

ട്രസ്റ്റിൻറെ ആഭിമുഖ്യത്തിൽ മുൻ കൺവീനർ മിന്നൽ പരമശിവൻ നായരുടെ പേരിലുള്ള പുരസ്‌കാരത്തിനു ഡോ. വി.കെ. രാധാകൃഷ്ണൻ അർഹനായി. ചങ്ങനാശേരി സിഎൻകെ ആശുപത്രി ഉടമയും വേൾഡ് അസോസിയേഷൻ ഫോർ സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ വൈസ് പ്രസിഡൻറുമാണ് ഡോ. വി.കെ. രാധാകൃഷ്ണൻ. ജീവകാരുണ്യ രംഗത്തെ സംഭാവനകൾ മാനിച്ചാണ് അവാർഡ്. 31,000 രൂപയും ശില്പവും പ്രശസ്തിപത്രവും ആണ് അവാർഡ്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനുവേണ്ടി തലമുറകളായി ഓണവില്ല് നിർമിച്ച് സമർപ്പിക്കുന്ന, വിളയിൽ വീട് മൂത്താചാരി കുടുംബം (ഓണവില്ല് കുടുംബം) ഗണേശോത്സവ ട്രസ്റ്റും ജാനകി മെമ്മോറിയൽ ട്രസ്റ്റും ഏർപ്പെടുത്തിയ പ്രത്യേക പുരസ്‌കാരത്തിനു അർഹരായി. 21,000 രൂപയും പ്രശസ്തിപത്രവുമാണു പുരസ്‌കാരം.