ബൈജൂസ് ലേണിംഗ് ആപ്പ് രണ്ട് കമ്പനികളെ ഏറ്റെടുത്തു

Posted on: July 5, 2017

ബംഗലുരു : മലയാളിയായ ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസ് ലേണിംഗ് ആപ്പ് രണ്ട് വിദേശ കമ്പനികളെ ഏറ്റെടുത്തു. ബൈജൂസിന്റെ പ്രവർത്തനം രാജ്യാന്തരതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ. അമേരിക്കൻ ഓൺലൈൻ ട്യൂട്ടറിങ് ബ്രാൻഡായ ട്യൂട്ടർ വിസ്റ്റ, യുകെയിലെ എഡ്യൂറൈറ്റ് എന്നീ കമ്പനികളെയാണ് ഏറ്റെടുത്തത്.

നിരവധി രാജ്യങ്ങളിൽ ട്യൂട്ടർ വിസ്റ്റയ്ക്ക് സാന്നിധ്യമുണ്ട്. വിദ്യാഭ്യാസ പ്രസിദ്ധീകരണ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് എഡ്യൂറൈറ്റ്. ഏറ്റെടുക്കലുകൾ വിദേശ സാന്നിധ്യം വിപുലമാക്കാനും പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കാനും സഹായകമാകുമെന്ന് ബൈജു രവീന്ദ്രൻ പറഞ്ഞു.