ബൈജൂസ് എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ ആകാശിനെ ഏറ്റെടുത്തു

Posted on: April 6, 2021

ബംഗലുരു : മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എജ്യൂക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ട്അപ്പായ ബൈജൂസ് രാജ്യത്തെ ഏറ്റവും വലിയ എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങളിലൊന്നായ ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസിനെ ഏറ്റെടുത്തു. ബൈജൂസ് നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്. ഇടപാട് എത്ര തുകയുടേതാണെന്ന് ഇരു കമ്പനികളും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, 100 കോടി ഡോളറിന്റേതാണ് ഇടപാട് എന്നാണ് സൂചന. അതായത്, 7,300 കോടി രൂപ. ഇടപാട് പൂര്‍ത്തിയാകുന്നതോടെ, ആകാശിന്റെ സ്ഥാപകരും നിക്ഷേപകരായ ബ്ലാക്സ്റ്റോണും ബൈജൂസിന്റെ ഓഹരിയുടമകളായി മാറും.

ഫെയ്‌സ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗും ഭാര്യ ചാന്‍ സുക്കര്‍ബെര്‍ഗും ചേര്‍ന്നുനടത്തുന്ന നിക്ഷേപക സംരംഭം, സെക്വയ, ടൈഗര്‍ ഗ്ലോബല്‍, മേരി മീക്കര്‍, യൂരീ മില്‍നര്‍, ടെന്‍സെന്റ് തുടങ്ങിയ ആഗോള നിക്ഷേപകര്‍ പലരും ബൈജൂസില്‍ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതുവരെ 200 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ്ങാണ് ബൈജൂസ് നേടിയിട്ടുള്ളത്. 60-70 കോടി ഡോളര്‍ കൂടി സമാഹരിക്കാനുള്ള ഒരുക്കത്തിലാണ്.

വിദ്യാഭ്യാസ പരിശീലനത്തില്‍ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ മോഡല്‍ ശക്തിപ്പെടുത്താന്‍ ഇടപാട് വഴിവയ്ക്കും. എന്‍ട്രന്‍സ് പരിശീലന രംഗത്ത് 33 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ആകാശിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 215 പരിശീലന കേന്ദ്രങ്ങളുണ്ട്. 2019-ല്‍ ബ്ലാക്സ്റ്റോണ്‍ ആകാശില്‍ മൂലധന നിക്ഷേപം നടത്തിയത് 50 കോടി ഡോളര്‍ മൂല്യത്തിലാണ്. രണ്ട് വര്‍ഷം കൊണ്ട് മൂല്യം ഇരട്ടിയായി.