ആകാശ് എന്‍ട്രന്‍സ് കോച്ചിംഗ് ശൃംഖലയെ ബൈജൂസ് ഏറ്റെടുക്കാനൊരുങ്ങുന്നു

Posted on: January 14, 2021

കൊച്ചി : മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസ്, ഡല്‍ഹി ആസ്ഥാനമായ എന്‍ട്രന്‍സ് കോച്ചിംഗ് കമ്പനി ആകാശിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഏതാണ്ട് 7,300 കോടി രൂപയുടേതായിരിക്കും ഇടപാടെന്ന് ആഗോള വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഓഫ്ലൈന്‍ കോച്ചിംഗ് രംഗത്തേക്കും സാന്നിധ്യം ഉറപ്പാക്കാന്‍ ബൈജൂസിന് ഈ ഇടപാടിലൂടെ കഴിയും. മൂന്നു മാസത്തിനകം ഇടപാട് പൂര്‍ത്തിയാകുമെന്നാണ് സൂചന.

ഈയിടെ 1,200 കോടി ഡോളര്‍ (87,600 കോടി രൂപ) മൂല്യം കല്പിച്ച ബൈജൂസിന് കോവിഡ് ലോക്ഡൗണ്‍ കാലത്ത് വന്‍തോതില്‍ ഡിമാന്‍ഡ് കൂടിയിരുന്നു. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ കോച്ചിംഗ് പരിശീലനം നല്‍കുന്ന വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏതാനും മാസം മുമ്പ് ബൈജൂസ് ഏറ്റെടുത്തിരുന്നു.