അന്ത്യവിശ്രമത്തിന് അണ്ണാസ്‌ക്വയർ ഒരുങ്ങി വിലാപയാത്ര അല്പസമയത്തിനുള്ളിൽ

Posted on: December 6, 2016

marina-beach-big

ചെന്നൈ : ജയലളിതയുടെ അന്ത്യവിശ്രമത്തിന് അണ്ണാസ്‌ക്വയർ ഒരുങ്ങി. അല്പസമയത്തിനുള്ളിൽ വിലാപയാത്ര രാജാജി ഹാളിൽ നിന്നും ആരംഭിക്കും. രാജാജി ഹാളിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് അണ്ണാസ്‌ക്വയർ. അണ്ണാദുരൈയും എംജിആറും അന്ത്യവിശ്രമം കൊള്ളുന്ന അണ്ണസ്‌ക്വയർ ജയലളിതയേയും സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. രാജാജി ഹാളിൽ നിന്ന് അണ്ണാസ്‌ക്വയറിലേക്കുള്ള വഴി പോലീസ് ക്ലിയർ ചെയ്തുകഴിഞ്ഞു.

സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കാൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പടെ നിരവധി വിവിഐപികൾ പങ്കെടുക്കുന്നതിനാൽ പോലീസും ദ്രുതകർമ്മസേനയും ഈ പ്രദേശത്ത് സുരക്ഷാവലയം തീർത്തിരിക്കുകയാണ്. സംസ്‌കാരചടങ്ങുകൾക്ക് നേതൃത്വം നൽകാനുള്ള പുരോഹിതരും ഇവിടെ എത്തിക്കഴിഞ്ഞു. നാലരയോടെ സംസ്‌കാരചടങ്ങുകൾ ആരംഭിക്കുമെന്നാണ് കരുതുന്നത്.

രാജാജി ഹാളിൽ നിന്ന് അണ്ണാസ്‌ക്വയറിലേക്കുള്ള വഴിയുടെ ഇരുപുറവും ജനങ്ങൾ നിറഞ്ഞുകഴിഞ്ഞു. മെറീന ബീച്ചും ലക്ഷക്കണക്കിന് സാധാരണക്കാർ നിറഞ്ഞു കഴിഞ്ഞു. എംജിആറിന്റെ വിലാപയാത്രയ്ക്കു ശേഷം ഏറ്റവും വലിയ മറ്റൊരു അന്ത്യയാത്രയ്ക്ക് ഇന്ന് ചെന്നൈ സാക്ഷ്യം വഹിക്കും. മാധ്യമങ്ങൾക്ക് മെറീന ബീച്ചിൽ പ്രവേശനം അനുവദിച്ചിട്ടില്ല. ദൂരദർശനും ജയടിവിക്കുമാത്രമാണ് സംപ്രേക്ഷണാനുമതി നൽകിയിട്ടുള്ളത്.