കൊച്ചിയിൽ ഇന്നു മുതൽ സിറ്റി ഗ്യാസ് പദ്ധതി

Posted on: February 20, 2016

City-Gas-Big

കൊച്ചി : കൊച്ചി നഗരത്തിൽ പാചകവാതകം പൈപ്പ് ലൈനിലൂടെ നേരിട്ട് വീടുകളിലെത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. കളമശേരി മെഡിക്കൽ കോളജിന് കണക്ഷൻ നൽകിക്കൊണ്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പദ്ധതി ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളജ് കാന്റീനുകളിലും ഹോസ്റ്റലും സമീപത്തെ വീടുകളിലുമായി പത്ത് കണക്ഷനുകൾ ഇന്ന് നൽകും. ആദ്യഘട്ട കണക്ഷനുകൾ നൽകുന്നതിനുള്ള ജോലികൾ പൂർത്തിയായതായി അധികൃതർ പറഞ്ഞു.

ദ്രവീകൃത പ്രകൃതി വാതകമാണ് (എൽഎൻജി) സിറ്റി ഗ്യാസ് പദ്ധതി വഴി നൽകുന്നത്. അഞ്ച് വർഷത്തിനുള്ളിൽ കൊച്ചി നഗരത്തിലും സമീപ മേഖലകളിലുമുള്ള 40,700 വീടുകളിൽ സിറ്റി ഗ്യാസ് ലഭ്യമാക്കും. അദാനി ഗ്രൂപ്പിന്റെയും ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും സംയുക്തസംരംഭമായ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്.

സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ നഗരമാണ് കൊച്ചിയെന്ന് അദാനി ഗ്യാസ് സിഇഒ രാജീവ് ശർമ പറഞ്ഞു. പുതുവൈപ്പ് എൽഎൻജി ടെർമിനലിൽ നിന്നാണ് പ്രകൃതിവാതകം വിതരണം ചെയ്യുന്നത്. ഗ്യാസ് അഥോറിട്ടി ഓഫ് ഇന്ത്യ(ഗെയിൽ) സ്ഥാപിച്ചിട്ടുള്ള മുഖ്യപൈപ്പ് ലൈനുമായി ബന്ധിപ്പിച്ചാണ് സിറ്റിഗ്യാസ് വിതരണം ചെയ്യുന്നതെന്നും അദേഹം പറഞ്ഞു.