കാട്ടായിക്കോണം യുഐടിക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 51 ലക്ഷം രൂപ ധനസഹായം

Posted on: February 14, 2020


കേരള യൂണിവേര്‍സിറ്റിയുടെ നിയന്ത്രണത്തില്‍ കാട്ടായിക്കോണം വാഴവിളയില്‍ ആരംഭിച്ച യൂണിവേര്‍സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 51 ലക്ഷം രൂപ ധനസഹായം നല്‍കും. ഇതിന്റെ ആദ്യഘട്ടമായി 12,50,000 രൂപയുടെ ചെക്ക് ഐഒസി ഡിജിഎം തോമസ് വര്‍ഗീസ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്നാണ് വാഴവിളയില്‍ യുഐടി ആരംഭിച്ചത്. ആദ്യഘട്ടമായി എംഎല്‍എ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മിച്ചിരുന്നു. യൂണിവേര്‍സിറ്റിക്ക് കീഴില്‍ സ്വന്തം കെട്ടിടമുള്ള ആദ്യത്തെ യുഐടി ആയിരുന്നു വാഴവിള. ബി.കോം ടാക്‌സ് പ്രൊസീജിയര്‍&പ്രാക്ടീസ്, ബി.കോം ടൂറിസം&ട്രാവല്‍ മാനെജ്‌മെന്റ് എന്നീ വിഷയങ്ങളിലായി നാല് ബാച്ചുകളില്‍ നൂറിലധികം വിദ്യാര്‍ഥികള്‍ യുഐടിയില്‍ പഠിക്കുന്നുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ കൌണ്‍സിലര്‍ സിന്ധു ശശി, പ്രൊ വൈസ് ചാന്‍സലര്‍ പിപി അജയകുമാര്‍, മെമ്പര്‍ സിന്‍ഡിക്കേറ്റ് ജയരാജ്, നസീബ്, മുഹമ്മദ് യാസിന്‍, ഐഒസി തിരുവനന്തപുരം ഡിഒ വിപിന്‍ ഓസ്റ്റിന്‍, പ്രിസിപ്പാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.