എൻജിൻ അറ്റകുറ്റപ്പണി : കൊച്ചി കപ്പൽശാലയും വാട്‌സിലയും ധാരണാപത്രം ഒപ്പുവച്ചു

Posted on: January 14, 2016

Wartsila-signs-mou-with-Coc

കൊച്ചി: കപ്പൽ എൻജിന്റെയും അനുബന്ധ ഭാഗങ്ങളുടെയും അറ്റകുറ്റപ്പണികൾക്കായി പ്രമുഖ എൻജിൻ നിർമാതാക്കളായ വാട്‌സില കോർപറേഷനും കൊച്ചി കപ്പൽ ശാലയും ധാരണയിലെത്തി. എൻജിൻ ഭാഗങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതു കൂടാതെ പ്രൊപ്പല്ലർ ബ്ലേഡ് മെറ്റലർജിക്കൽ അറ്റകുറ്റപ്പണികൾക്കുമായി കൊച്ചി കപ്പൽശാലാ പരിസരത്ത് വാട്‌സില സ്വയം പര്യാപ്തമായ വർക്‌ഷോപ് സ്ഥാപിക്കും. കപ്പൽ ശാലയുടെ ആവശ്യാനുസരണം എൻജിൻ, പ്രൊപ്പൽഷൻ, ഇക്ട്രിക്കൽ, ഓട്ടോമേഷൻ സർവീസുകളും ചെയ്തുനല്കും.

കപ്പൽ ശാലയുടെ ടെക്‌നിക്കൽ ഓവറേഷൻസ് ഡയറക്ടർ സണ്ണി തോമസും ഫിൻലാൻഡ് ആസ്ഥാനമായ വാട്‌സില കോർപറേഷന്റെ ഭാഗമായ വാട്‌സില ഇന്ത്യയുടെ ദക്ഷിണേഷ്യ സർവീസ് യൂണിറ്റ് ഡയറക്ടർ ജെയിംസ് രാജനും ഇതുസംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവച്ചു. കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ, ഇരുകമ്പനികളിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കരാർ അനുസരിച്ച് ഭാവിയിൽ കൊച്ചി പോർട്ട് ട്രസ്റ്റ് പരിസരത്ത് ഒറിജിനൽ എക്യുപ്‌മെന്റ് നിർമാണ കേന്ദ്രം (ഒ ഇ എം) തുറക്കാനും വാട്‌സില ലക്ഷ്യമിടുന്നുണ്ട്. കൊച്ചി പോർട് ട്രസ്റ്റിലെ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം പാട്ടത്തിന് ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ ഷിപ്പ് ലിഫ്റ്റ് സൗകര്യത്തോടുകൂടിയ അന്തർദേശീയ അറ്റകുറ്റപ്പണി കേന്ദ്രം തുറക്കുകയാണ് ഉദ്ദേശ്യം.

കൊച്ചിതുറമുഖത്ത് വരാൻ പോകുന്ന യാഡിൽ പൂർണ സജ്ജമായ ഒറിജിനൽ എക്യുപ്‌മെന്റ് നിർമാണ കേന്ദ്രം കേന്ദ്രം തുറക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് വാട്‌സില ഇന്ത്യ ഡയറക്ടർ രാജൻ വ്യക്തമാക്കി.

പുതിയ കൂട്ടുകെട്ടുവഴി കപ്പൽശാലയ്ക്ക് കൂടുതൽ അറ്റകുറ്റപ്പണി ഇടപാടുകൾ നേടിയെടുക്കാനാകുമെന്ന് കരുതുന്നതായി കൊച്ചികപ്പൽശാല ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായർ പറഞ്ഞു.