ബയോഫാക് ഇന്ത്യ ആരംഭിച്ചു

Posted on: November 5, 2015

BIOFACH-2015-Inaug-Bigകൊച്ചി : ബയോഫാക് ഇന്ത്യ ഇന്ത്യ ഓർഗാനിക് ത്രിദിന രാജ്യാന്തര സമ്മേളനവും പ്രദർശനവിപണന മേളയും ആരംഭിച്ചു. ഓർഗാനിക് അഗ്രി ബിസിനസ് മേഖലയിലെ പ്രമുഖ ഏജൻസിയായ ഇന്റർനാഷനൽ കോമ്പീറ്റൻസ് സെന്റർ ഫോർ ഓർഗാനിക് അഗ്രിക്കൾച്ചറും ( ഐ.സി.സി.ഒ.എ ) നൻബെർഗ് മെസ്സേ ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ജൈവ വിപണന മേളയായ ബയോഫാക് ഇന്ത്യയും, ഇന്ത്യ ഓർഗാനിക് 2015 വിപണന മേളയും ആഗോള സമ്മേളനവും അങ്കമാലി ആഡ്‌ലക്‌സ് കൺവൻഷൻ സെന്ററിലാണ് നടക്കുന്നത്. ശ്രീനഗർ എസ് കെ യു എ എസ് ടി വൈസ് ചാൻസലർ ഡോ. തേജ് പർഥാപ് മുഖ്യ പ്രഭാഷണം നടത്തി.

കർഷകർക്ക് സാമ്പത്തിക ലാഭം ലഭിക്കാത്തതാണ് ജൈവ കൃഷിയിൽ നിന്നും കർഷകരെ പിൻതിരിപ്പിക്കുന്നതെന്ന് തേജ് പർഥാപ് ചൂണ്ടിക്കാട്ടി. സർക്കാരിൽ നിന്നും പൂർണ പിന്തുണ ലഭിച്ചാൽ മാത്രമേ ജൈവ കൃഷി വ്യാപകമാക്കാൻ കഴിയൂ. ധനസമ്പാദനത്തിനുള്ള മാർഗം മാത്രമായി കാണാതെ ജീവിതത്തിന്റെ ഭാഗമായി മാറണം. എന്നാൽ ജൈവമേഖലയിൽ കൂടുതൽ സംരഭക്ത്വം പ്രോത്സാഹിപ്പിക്കുകയും വേണം. സർക്കാർ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം.പക്ഷെ ഇന്ത്യ പോലൊരു രാജ്യത്ത് നൂറ് ശതമാനം ജൈവവത്ക്കരണം നടപ്പാക്കാൻ ഏറെ പ്രയത്‌നിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജർമൻ കോൺസൽ ജനറൽ ജോൺ റൊധ്, ഉത്തരാഖണ്ഡ് യു ഒ സി ബി ചെയർപേഴ്‌സൻ ലക്ഷ്മി റാണ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കാർഷിക മേഖലയിൽ യോജിച്ച പ്രവർത്തനങ്ങൾക്ക് ഇന്ത്യയും ജർമനിയും രൂപം നൽകിയിട്ടുണ്ടെന്ന് ജോൺ റൊധ് പറഞ്ഞു. വരും കാലങ്ങളിൽ ഭക്ഷ്യ സുരക്ഷ, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പതിവ് രീതി വിട്ട് ജൈവ കൃഷിയിലേക്ക് മാറുമ്പോൾ ആദ്യഘട്ടത്തിൽ
ചെലവേറുമെന്നും ഉദ്പാദനം കുറവായിരിക്കുമെന്നും എന്നാൽ ഈ നഷ്ട്ടം നികത്താൻ കഴിഞ്ഞാൽ മാത്രമേ കൂടുതൽ കർഷകരെ ജൈവ കൃഷിയിലേക്ക് ആകർഷിക്കാൻ കഴിയു എന്നും ലക്ഷ്മി റാണ ചൂണ്ടിക്കാട്ടി. നിലവിലുള്ള കാർഷിക സർവകലാശാലകളിൽ ജൈവ ഗവേഷണ , വികസന വകുപ്പുകൾ ഏർപ്പെടുത്തുകയും കാര്യക്ഷമമായി പ്രവർത്തിക്കുകയും വേണമെന്നും അവർ ചൂണ്ടിക്കാട്ടി.

BIOFACH-2015-Launch-Bigഐ സി സി ഒ എ എക്‌സിക്യുട്ടീവ് ഡയറക്ടർ മനോജ്കുമാർ മേനോൻ, പ്രസിഡന്റ് ഡോ. എ.കെ.യാദവ്, എൻ എം ഐ മാനേജിംഗ് ഡയറക്ടർ സോണിയ പ്രശാർ എന്നിവർ സംബന്ധിച്ചു. മേളയുടെ ഏഴാമത് എഡിഷനാണിത്.

ബയോഫാക് ഇന്ത്യ വിഭാഗത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രദർശകർ ജൈവ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും. 24 മന്ത്ര, ഇക്കോ ലൈഫ്, ഓർഗാനിക് തത്വ, സൺ സ്റ്റാർ, ഓർഗാനിക് ഇന്ത്യ തുടങ്ങി രാജ്യത്തെ പ്രമുഖ ജൈവ ബ്രാൻഡുകളെല്ലാം ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്.. ട്രോപ്പിക്കൽ ആഗ്രോ സിസ്റ്റം തങ്ങളുടെ ഏറ്റവും പുതിയ 4 ജി നാനോ ഫെർട്ടിലൈസർ മേളയിൽ അവതരിപ്പിക്കും. കൂടാതെ റാഡിക്കോ 14 വ്യത്യസ്തഹെയർ നിറത്തിലുള്ള ഓർഗാനിക് ഹെന്ന, സൺ സ്റ്റാർ തങ്ങളുടെ പുതിയ ബ്രാൻഡ് ഹലോ ഓർഗാനിക് ബസുമതി അരി എന്നിവയും മേളയിൽ അവതരിപ്പിക്കും.

ഇന്ത്യ ഓർഗാനിക് വിഭാഗത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജൈവ പവിലിയനുകൾ, കർഷക സംഘങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. കേരള, സിക്കിം, മേഖലയ, ഹിമാചൽപ്രദേശ്, അസാം, മധ്യപ്രദേശ്, കർണാടക, ആന്ധ്ര, ഉത്തരാഖണ്ഡ് തുടങ്ങി പത്തിലേറെ സംസ്ഥാനങ്ങൾ ഇത്തവണ ഇന്ത്യ ഒർഗാനിക്കിൽ എത്തിയിട്ടുണ്ട്.

ജൈവ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളുടെ സ്റ്റാളുകൾ, ഉപകരണങ്ങൾ, ബി ടു ബി മീറ്റിങ്ങുകൾ, ബി ടു സി ഈവന്റ്, തുടങ്ങിയവയും മേളയുടെ ഭാഗമായി നടക്കും. ജൈവ വിപണിയെ കുറിച്ചും സാധ്യതകളെ കുറിച്ചുമുള്ള അന്താരാഷ്ട്ര കോൺഫറൻസിൽ വിദേശ പ്രതിനിധികളടക്കം പങ്കെടുക്കുന്നുണ്ട്. ബയോഫാകിനോടനുബന്ധിച്ച് ഇന്നും നാളെയും നടക്കുന്ന ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസിൽ ശാസ്ത്രീയവും വാണിജ്യപരമായും ജൈവോത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച നടക്കും.

മേളയുടെ രണ്ടാം ദിവസമായ ഇന്ന് (നവംബർ 6 ) വിവിധ സംസ്ഥാനങ്ങളുടെ ജൈവ കൃഷിയെകുറിച്ചുള്ള അവതരണം നടക്കും.