57 കോടിയുടെ ബിസിനസ് ധാരണകളുമായി ബയോഫാക് ഇന്ത്യ സമാപിച്ചു

Posted on: November 7, 2015

Biofach-India-2015-Big

കൊച്ചി : കഴിഞ്ഞ മൂന്ന് ദിവസമായി അങ്കമാലിയിൽ നടന്ന് വന്ന ബയോഫാക് ഇന്ത്യ-ഇന്ത്യ ഓർഗാനിക് രാജ്യാന്തര സമ്മേളനത്തിലും പ്രദർശനത്തിലും 273 ബിസിനസ് മീറ്റിങ്ങുകളിലായി രൂപപ്പെട്ടത് 57.1 കോടി രൂപയുടെ ബിസിനസ് ധാരണകൾ. 12 അന്താരാഷ്ട്ര ബയർമാർ ഉൾപ്പെടെ 23 ബയർമാരാണ് ഇത്തവണ മേളയ്‌ക്കെത്തിയത്. എൺപതിലേറെ രാജ്യാന്തര പ്രതിനിധികളാണ് മൂന്ന് ദിവസം നീണ്ടു നിന്ന മേളയിൽ പങ്കെടുത്തത്. 175 പ്രദർശകരാണ് മേളയിൽ പങ്കെടുത്തത്. ഇറ്റലി, ജർമനി, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികളും പ്രദർശകരും മേളയ്‌ക്കെത്തിയിരുന്നു.

മെച്ചപ്പെട്ട വരുമാനവും കൂടുതൽ വിപണികളും സാധ്യമായാലേ ജൈവകൃഷി വ്യാപിപ്പിക്കാൻ കഴിയൂ എന്ന് മൂന്ന് ദിവസത്തെ ബയോഫാക് ഇന്ത്യ രാജ്യാന്തര സമ്മേളനം ആഹ്വാനം ചെയ്തു. രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം അവസാനിപ്പിച്ചാൽ മാത്രം ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ കഴിയില്ലന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ കർഷകർ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെന്നും മറ്റ് ലോക രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് ഓർഗാനിക് ഹബ് ( ജൈവകേന്ദ്രം) ആകാനുള്ള എല്ലാ സാഹചര്യങ്ങളും സാധ്യതകളും ഉണ്ടെന്ന് ബയോ ഫാക് ഇന്ത്യ, ഇന്ത്യ ഓർഗാനിക് സംഘാടകരിൽ ഒരാളും ഇന്റർനാഷണൽ കോമ്പീറ്റൻസ് സെന്റർ ഫോർ ഓർഗാനിക് അഗ്രിക്കൾച്ചർ (ഐ സി സി ഒ എ) എക്‌സിക്യുട്ടീവ് ഡയറക്റ്റർ മനോജ് കുമാർ മേനോൻ അഭിപ്രായപ്പെട്ടു.

സുസ്ഥിര ജൈവ വിപണിക്ക് ഇന്ത്യയിൽ നല്ല സാധ്യതയുണ്ടെന്നും ഇന്ത്യൻ ജൈവഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ മികച്ച സ്വീകാര്യതയുണ്ടെന്നും സമ്മേളനത്തിൽ പങ്കെടുത്ത ജർമ്മൻ കോൺസൽ ജനറൽ ജോൺ റോധ് പറഞ്ഞു. ആണ് ജൈവ വിപണിയിൽ മുന്നിട്ട് നിൽക്കുന്നതെന്നും എന്നാൽ ജർമനിയിലും യൂറോപ്പിലും ഇന്ത്യക്ക് പുതിയ വിപണി കണ്ടെത്താൻ അനായാസേന സാധിക്കുമെന്നും ജോൺ അഭിപ്രായപ്പെട്ടു.

സമാപന സമ്മേളനത്തിൽ കേന്ദ്ര സർക്കാരിന്റെ എൻ സി ഒ എഫ് ഡയറക്ടർ ഡോ. കൃഷൻ ചന്ദ്ര മുഖ്യാതിഥിയായിരുന്നു. വീണ ബർണാർഡ്, പ്രിയാ ശർമ, ഡോ. തേജ് പർത്ഥപ്, ഡോ. എ കെ യാദവ്, രോഹിതാശ്വ ഗാഖർ എന്നിവർ പങ്കെടുത്തു.

മൂന്നു ദിവസം നീണ്ടു നിന്ന ബയോഫാക് പ്രദർശനത്തിൽ മികച്ച സർക്കാർ പവലിയനുകൾക്കുള്ള സമ്മാനദാനവും സമാപന ചടങ്ങിൽ നടന്നു. സ്‌പൈസസ് ബോർഡ് പവിലിയൻ ഒന്നാം സ്ഥാനവും സിക്കിം സംസ്ഥാന പവിലിയൻ രണ്ടാം സ്ഥാനവും കേന്ദ്ര കൃഷി വകുപ്പ് മൂന്നാം സ്ഥാനവും നേടി. സ്വകാര്യ മേഖലയിൽ ഒന്നാം സ്ഥാനം നേച്ച്വർ ബയോ ഫെർട്ടിലൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനും രണ്ടാം സ്ഥാനം എം.ടി.ആർ ഉം മൂന്നാം സ്ഥാനം 24 മന്ത്ര ഒർഗാനിക്‌സും കരസ്ഥമാക്കി.