ജൈവോത്പന്ന വൈവിധ്യവുമായി ബയോഫാക് ഇന്ത്യ

Posted on: November 6, 2015

Biofach-Kerala-Pavilion-Big

കൊച്ചി : കേരളത്തിന്റെ സ്വന്തം ജൈവ ഉത്പന്നങ്ങൾ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജൈവോത്പന്നങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനമാണ് അങ്കമാലിയിൽ ആരംഭിച്ച ബയോഫാക് ഇന്ത്യ ഓർഗാനിക് മേളയിൽ നടക്കുന്നത്. സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിച്ച ഉത്പന്നങ്ങൾ മുതൽ രാജ്യത്തെ പ്രമുഖ ജൈവ ബ്രാൻഡുകളെല്ലാം മേളയ്ക്ക് എത്തിയിട്ടുണ്ട്. കേരളത്തിന് പുറമേ സിക്കിം, മേഖാലയ, ഉത്തരാഖണ്ട്, ഹിമാചൽ, അസം, കർണാടക, മധ്യപ്രദേശ്, ആന്ധ്ര തുടങ്ങി പത്തിലേറെ സംസ്ഥാനങ്ങളിൽ നിന്നുള്ള ജൈവോത്പന്നങ്ങളും വിപണന മേളയിലുണ്ട്.

സ്‌പൈസസ് ബോർഡ്, ടീ ബോർഡ്, കോഫീ ബോർഡ്, നാളികേര വികസന ബോർഡ്, കേന്ദ്ര കൃഷി വകുപ്പ്, സംസ്ഥാന കൃഷി വകുപ്പ്, ഹോർട്ടി കൾച്ചർ മിഷൻ, ജൈവ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികൾ എന്നിവയെല്ലാം വിപണന മേളയിൽ പങ്കെടുക്കുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലെ കർഷകർ ഉത്പാദിപ്പിച്ച ജൈവ ഇഞ്ചി, മഞ്ഞൾ, കുരുമുളക് തുടങ്ങിയവയും കൃഷിരീതികളും ലഭ്യമാണ്. സംസ്ഥാന കൃഷി വകുപ്പിന്റെ പവലിയനിലെ ചങ്ങാലിക്കോടൻ നേന്ത്രപ്പഴം ആരെയും ആകർഷിക്കും. തൃശൂർ ജില്ലയിലെ വടക്കൻ പ്രദേശങ്ങളിൽ ജൈവ രീതിയിൽ കൃഷി ചെയ്യുന്ന ഇവ ഗോൾഡൻ മഞ്ഞ നിറത്തിൽ ചുവപ്പ് അടയാളങ്ങൾ ഉള്ളവയാണ്.ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കുന്ന കാഴ്ച്ചക്കുലകൾ ആണ് പ്രധാനമായും ഇവ. ശരാശരി ഒരു കുല 40 കിലോ വരെ തൂക്കമുണ്ടാകും. 5000 രൂപ വരെ ഒരു നല്ല കുലയ്ക്ക് ലഭിയ്ക്കും. ഇലക്കറിയിലെയിലെ രാജാവ് എന്നറിയപ്പെടുന്ന ചായമാൻസ എന്ന മായൻ ഗോത്ര ചീരയും, ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ജാതിക്ക പാനീയവും മേളയിലുണ്ട്.

24 മന്ത്ര, ഇക്കോ ലൈഫ്, ഓർഗാനിക് തത്വ, സൺ സ്റ്റാർ, ഓർഗാനിക് ഇന്ത്യ തുടങ്ങി രാജ്യത്തെ പ്രമുഖ ജൈവ ബ്രാൻഡുകളെല്ലാം പ്രദർശനത്തിനെതിയിട്ടുണ്ട്.. ട്രോപ്പിക്കൽ ആഗ്രോ സിസ്റ്റം തങ്ങളുടെ ഏറ്റവും പുതിയ 4 ജി നാനോ ഫെർട്ടിലൈസർ മേളയിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ റാഡിക്കോ 14 വ്യത്യസ്ത ഹെയർ നിറത്തിലുള്ള ഓർഗാനിക് ഹെന്ന, സൺ സ്റ്റാർ തങ്ങളുടെ പുതിയ ബ്രാൻഡ് ഹലോ ഓർഗാനിക് ബസുമതി അരി എന്നിവയും മേളയിൽ അവതരിപ്പിച്ചു. ഇന്ത്യ ഓർഗാനിക് വിഭാഗത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജൈവ പവിലിയനുകൾ, കർഷക സംഘങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.