ബേയ്ക്ക് എക്‌സ്‌പോ തൃശൂരിൽ

Posted on: September 26, 2015

Bake-Expo-2015-Big

കൊച്ചി : ബേക്കേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബേയ്ക്ക് എക്‌സ്‌പോ 2015 ഒക്ടോബർ രണ്ടു മുതൽ നാലു വരെ തൃശൂർ ലുലു കൺവൻഷൻ സെന്ററിൽ നടക്കും. എക്‌സ്‌പോയുടെ ഉദ്ഘാടനം ഒക്ടോബർ ഒന്നിനു വൈകുന്നേരം നാലിനു ഗവ.ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ നിർവഹിക്കും. ബേക്കറി വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന 5,001 പേരുടെ അവയവദാന സമ്മതപത്ര സമർപ്പണവും ഇതോടനുബന്ധിച്ച് നടക്കും.

ഇന്ത്യയ്ക്കകത്തും പുറത്തും നിന്നായി 300 ഓളം കമ്പനികൾ ബേക്കറി മെഷീനറികളുമായി പ്രദർശനത്തിൽ പങ്കെടുക്കും. കേരളത്തിലെ ചെറുകിട നാമമാത്ര ബേക്കറികളെ മുഖ്യധാരയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണു ബേയ്ക്ക് എക്‌സ്‌പോ സംഘടിപ്പിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. എക്‌സ്‌പോയുടെ ഭാഗമായി കേക്കിൻകാടു പൂരം എന്ന പേരിൽ കേരളത്തിലെ ചെറുതും വലുതുമായ ബേക്കറികളിൽനിന്ന് 1001 അലങ്കാര കേക്കുകളുടെ പ്രദർശനം ഉണ്ടായിരിക്കും. ഇതിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവാർഡുകളും പ്രോത്സാഹനസമ്മാനങ്ങളും നൽകും.

കൂടാതെ ബേക്കറി വ്യവസായവുമായി ബന്ധപ്പെട്ട വനിതാ സംരംഭകരുൾപ്പെടെ 500 ഓളം വനിതകൾ പങ്കെടുക്കുന്ന വനിതാസംഗമം, 2016 ൽ നടപ്പിലാക്കുന്ന ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് സംബന്ധിച്ച് സെമിനാർ, ബേയ്ക്ക് സംസ്ഥാന കൺവൻഷൻ എന്നിവയും എക്‌സ്‌പോയിലുണ്ടാകും. എക്‌സ്‌പോയുടെ പ്രചാരണാർഥം കഴിഞ്ഞ എട്ടിന് ആരംഭിച്ച സന്ദേശയാത്ര ജില്ലാതലങ്ങളിൽ നടന്നുവരികയാണ്. 30 ന് കേരളത്തിലെ മുഴുവൻ ബേക്കറികളും സ്വന്തം മധുര പലഹാരങ്ങൾ ഉപഭോക്താവിനു നൽകുന്ന മധുരസത്കാരവും ഉണ്ടായിരിക്കും.

പത്രസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് പി. എം. ശങ്കരൻ, ഓർഗനൈസിംഗ് സെക്രട്ടറി റോയൽ നൗഷാദ്, സംസ്ഥാന സെക്രട്ടറിമാരായ എ.നൗഷാദ്, വിജേഷ് വിശ്വനാഥ്, ബിജു പ്രേം ശങ്കർ, വി.പി. അബ്ദുൾ സലിം എന്നിവർ പങ്കെടുത്തു.