കേരള സ്റ്റാര്‍ട്ടപ്പ് മിഷനും അസാപ് കേരളയും ധാരണയില്‍

Posted on: September 16, 2022

തിരുവനന്തപുരം: സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും അസാപ് കേരളയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. സഹകരണത്തിന്റെ ഭാഗമായി, വളര്‍ന്നുവരുന്ന മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ ഉയര്‍ന്ന നിലവാരത്തിലുള്ള വൈദഗ്ധ്യങ്ങളെക്കുറിച്ചുള്ള നൈപുണ്യ പരിശീലനം അസാപ് കേരള നല്‍കും.

മെഷീന്‍ ലേണിംഗ്, ബിസിനസ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് എന്‍ജിനീയറിംഗ് കംപ്യൂട്ടിംഗ്, പൈത്തണ്‍, എആര്‍ വിആര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ നല്‍കുന്ന പരിശീലനം സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശുപാര്‍ശ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളുടെ റിക്രൂട്ട്‌മെന്റിനായി വിദ്യാര്‍ഥികളെ സഹായിക്കും. അതോടൊപ്പം ബിസിനസ് കറസ്‌പോണ്ടന്റ്, ബിസിനസ് ഫെസിലിറ്റേറ്റര്‍, ഐടി സെക്യൂരിറ്റി, ബാങ്കിംഗ്, സെക്യൂരിറ്റീസ് മാര്‍ക്കറ്റ്, ഇന്‍ഷ്വറന്‍സ് പ്രൊഫഷണലുകള്‍ തുടങ്ങിയ ബിസിനസ് ഓപ്പറേഷന്‍ സ്‌കില്‍ പരിശീലനവും അസാപ് കേരള നല്‍കും.

സംസ്ഥാനത്തെ പ്രമുഖ ബിസിന സ്‌കൂളുകളുമായി ചേര്‍ന്ന് ധനകാര്യം, എച്ച്ആര്‍ മാനെജ്‌മെന്റ്, മാര്‍ക്കറ്റിംഗ് മുതലായവയില്‍ വൈദഗ്ധ്യം വളര്‍ത്തുന്നതിനായി ഒരു ബിസിനസ് ലീഡര്‍ഷിപ്പ് പ്രോഗ്രാമും അസാപ് കേരള വഴി നല്‍കും. സ്റ്റാര്‍ട്ടപ്പുകളുടെയും വ്യവസായങ്ങളുടെയും ആവശ്യകതകള്‍ക്ക് അനുസൃതമായി, വിഷയ വിദഗ്ധരുമായും വ്യവസായ വിദഗ്ധരുമായും സഹകരിച്ച് പുതിയകാലത്തെ നൈപുണ്യ മേഖലകളില്‍ ഇഷ്ടാനുസൃതമായ കോഴ്‌സുകള്‍ അസാപ് കേരള വികസിപ്പിക്കും. അവയുടെ സുഗമമായ നടത്തിപ്പ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഉറപ്പുവരുത്തും.

തൊഴില്‍ ചെയ്യാന്‍ തയാറുള്ളവര്‍ക്കായി വൈദഗ്ധ്യം, സര്‍ട്ടിഫിക്കേഷന്‍, ഇന്റേണ്‍ഷിപ്പുകള്‍ എന്നിവയുള്ള ടാലന്റ് പൂള്‍ സൃഷ്ടിക്കും. സ്റ്റാര്‍ട്ടപ്പ് മിഷനിലെപ്രാരംഭഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും തമ്മിലുള്ള ആശയവിനിമയം അസാപ് കേരളയും സ്റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്ന് സുഗമമാക്കും.

‘റിക്രൂട്ട് ട്രെയ്ന്‍ ഡിപ്ലോയ് മാതൃകയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി അസാപ് കേരള സേവനം വിപുലീകരിക്കും, അതേസമയം കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളും, വിവിധ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകളില്‍ വിവിധ തൊഴില്‍ മേഖലകള്‍ക്ക് കീഴിലുള്ള
ജോലികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സഹായിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് താത്കാലിക സ്റ്റാഫിംഗിനുള്ള കഴിവ് നിലനിര്‍ത്തുന്നതിനും ഇതര കമ്പനികളില്‍ അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിനുള്ള നോഡല്‍ ഏജന്‍സിയായും അസാപ് കേരള പ്രവര്‍ത്തിക്കും.

അസാപ് കേരളയുടെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അതിന്റെ ഉപകേന്ദ്രങ്ങളും സ്ഥാപിക്കും. അസാപ് കേരള ചെയര്‍പേഴ്‌സണുംമാനെജിങ് ഡയറക്റ്ററുമായ ഡോ. ഉഷാ ടൈറ്റസും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.