ബിസ്ഗേറ്റ് എക്സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Posted on: November 29, 2021

തിരുവനന്തപുരം : മികച്ച ബിസിനസ് പത്രപ്രവര്‍ത്തകനുള്ള ബിസ്ഗേറ്റ് എക്‌സലന്‍സ് പുരസ്‌കാരം തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ.ചിഞ്ചുറാണിയില്‍നിന്ന് മാതൃഭൂമി സീനിയര്‍ ബിസിനസ് കറസ്‌പോണ്ടന്റ് ആര്‍.റോഷന്‍ ഏറ്റുവാങ്ങി. എന്‍ട്രപ്രണര്‍ഷിപ്പ് പ്രൊമോഷന്‍ പ്ലാറ്റ്ഫോമായ ബിസ്ഗേറ്റ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

കേരളത്തിലെ സംരംഭക മേഖലയുടെ പ്രോത്സാഹനത്തിനായി നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകളും കവറേജുകളും കണക്കിലെടുത്താണ് പുരസ്‌കാരം. തിരുവനന്തപുരം സ്വദേശിയായ ആര്‍.റോഷന്‍ വിജയപാതകള്‍, സ്റ്റാര്‍ട്ട്അപ്പ്: തുടങ്ങാം പുതുസംരംഭങ്ങള്‍, സ്വര്‍ണത്തില്‍ എങ്ങനെ നിക്ഷേപിക്കാം, ഓഹരിനിക്ഷേപം അറിയേണ്ടതെല്ലാം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് ചെയര്‍മാന്‍ എന്‍.കെ.കുര്യന്‍, സെറീന ബോട്ടിക് ഫൗണ്ടര്‍ ഷീല ജെയിംസ്, വീഡിയോ ബ്ലോഗര്‍ ജിന്‍ഷ ബഷീര്‍, എ.എം.നീഡ്സ് മില്‍ക്ക് ഡെലിവറി ആപ്പിനുവേണ്ടി സി.ഇ.ഒ. സുജിത് എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

വിഴിഞ്ഞം അദാനി പോര്‍ട്സ് സി.ഇ.ഒ. രാജേഷ് ഷാ, ട്രിവാന്‍ഡ്രം ചേംബര്‍ പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍, നിംസ് എം.ഡി. ഫൈസല്‍ ഖാന്‍, കെ.എഫ്.സി. ചീഫ് മാനേജര്‍ സജിതാ നാഥ്, ബേബി മാത്യു സോമതീരം, ബിസ്ഗേറ്റ് ഫൗണ്ടേഷന്‍ മേധാവികളായ പ്രജോദ് പി.രാജ്, ഷൈജു കാരയില്‍, അന്‍സാരി സലാം തുടങ്ങിയവര്‍ പങ്കെടുത്തു.