ഓഹരിനിക്ഷേപം അറിയേണ്ടതെല്ലാം

Posted on: July 6, 2015

Roshan-Book-Big

ഓഹരി നിക്ഷേപം പലർക്കും ഒരു ബാലികേറാമലയാണ്. എന്നാൽ, ഈ നിക്ഷേപമാർഗത്തിന്റെ ഗുണങ്ങൾ കൃത്യമായി മനസിലാക്കുന്നവർക്ക് ഇതിൽ നിന്ന് മാറിനിൽക്കാനാവില്ല. ദീർഘകാലയളവിൽ ഏറ്റവുമധികം നേട്ടംനൽകുന്ന നിക്ഷേപമാർഗങ്ങളിലൊന്നാണ് ഓഹരി. ഈ നിക്ഷേപമാർഗത്തെ ലളിതമായ ഭാഷയിൽ മനസിലാക്കിത്തരുന്ന പുസ്തകമാണ് പ്രശസ്ത ധനകാര്യ പത്രപ്രവർത്തകനായ ആർ. റോഷൻ എഴുതിയ – ഓഹരിനിക്ഷേപം അറിയേണ്ടതെല്ലാം.

ഓഹരി നിക്ഷേപത്തിലൂടെ ദീർഘകാലയളവിൽ സമ്പത്ത് സൃഷ്ടിക്കാനുള്ള മാർഗങ്ങളെക്കുറിച്ചാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്. എന്താണ് ഓഹരി വിപണിയെന്നും അതിൽ എങ്ങനെയാണ് നിക്ഷേപം നടത്തേണ്ടതെന്നും ലളിതമായി മനസിലാക്കിത്തരാൻ പുസ്തകത്തിലൂടെ ഗ്രന്ഥകർത്താവ് ശ്രമിക്കുന്നുണ്ട്. മികച്ച ഓഹരികൾ തെരഞ്ഞെടുക്കേണ്ടത് എങ്ങനെയാണെന്നും കമ്പനികളുടെ സാമ്പത്തിക സ്ഥിതി എങ്ങനെ മനസിലാക്കാമെന്നും വിവരിക്കുന്നു. ഓഹരികളുടെ മൂല്യം മനസിലാക്കേണ്ടത് എങ്ങനെ, വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാം എന്നിവയെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്.

നിക്ഷേപതന്ത്രങ്ങൾ ആസൂത്രണം ചെയ്യാം, കോടികൾ നേടാം ആസൂത്രണത്തിലൂടെ എന്നീ അധ്യായങ്ങൾ ഓഹരി നിക്ഷേപവുമായി മുന്നോട്ടുപോകുന്നവർക്ക് നല്ല പാഠങ്ങളാണ് പറഞ്ഞുതരുന്നത്. ഓഹരി ഇടപാടിലെ നഷ്ടസാധ്യതകൾ കുറയ്ക്കാനുള്ള വിദ്യകളും പുസ്തകത്തിലുണ്ട്. വിദേശ ഇന്ത്യക്കാർക്ക് ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള അവസരത്തെപ്പറ്റിയും ഗ്രന്ഥകർത്താവ് വിവരിക്കുന്നു.

ഓഹരി നിക്ഷേപത്തിലൂടെ നികുതി ഇളവ് നേടാനുള്ള മാർഗങ്ങളും പുറഞ്ഞുതരുന്നുണ്ട്. മ്യൂച്വൽ ഫണ്ടിന്റെ സാധ്യതകളും പുസ്തകത്തിൽ ഇടം നേടിയിട്ടുണ്ട്. ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട്, തുടക്കക്കാർക്കുണ്ടാവുന്ന സംശയങ്ങൾക്കെല്ലാം മറുപടി നൽകാൻ റോഷൻ ഈ പുസ്തകത്തിലൂടെ ശ്രമിച്ചിട്ടുണ്ട്.

ഓഹരി വാങ്ങി മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ വിൽക്കുന്ന ട്രേഡിങ് രീതി തുടക്കക്കാർക്ക് നല്ലതല്ലെന്ന് ഗ്രന്ഥകർത്താവ് മുന്നറിയിപ്പ് നൽകുന്നു. ഓഹരികളിലെ സാങ്കേതികതകൾ, ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസ് സമ്പ്രദായം എന്നിവയെക്കുറിച്ച് വിശദീകരിച്ച് തുടക്കക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നത് എടുത്തുപറയേണ്ടതാണ്. ഓഹരി വിപണിയിലേക്ക് പുതുതായി ഇറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാർഗദർശനമാണ് ‘ഓഹരിനിക്ഷേപം അറിയേണ്ടതെല്ലാം’ എന്ന പുസ്തകം നൽകുന്നത്. 192 പേജുകളുള്ള ഈ പുസ്തകം ഡി.സി. ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില 160 രൂപ.

ആർ. റോഷന്റെ രണ്ടാമത്തെ പുസ്തകമാണ് ഇത്. സ്വർണത്തിൽ എങ്ങനെ നിക്ഷേപിക്കാം ആയിരുന്നു ആദ്യ പുസ്തകം.