റബര്‍ ബോര്‍ഡ് സമഗ്ര റബര്‍ സെന്‍സസിന് ഒരുങ്ങുന്നു

Posted on: June 3, 2021

കോട്ടയം : രാജ്യത്തെ റബ്ബര്‍ കര്‍ഷകരുടെ എണ്ണമെത്ര? അവര്‍ക്ക് എത്ര സ്ഥലത്ത് കൃഷിയുണ്ട്?ഉത്പാദനം എത്രയാണ് ?. റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട് ഇത്തരം സമ്പൂര്‍ണ വിവരശേഖരണത്തിന് ഒരുങ്ങുകയാണ് റബ്ബര്‍ ബോര്‍ഡ്. എന്യൂമറേറ്റര്‍മാരെ നിയോഗിച്ച് ഫീല്‍ഡ്‌സര്‍വേയിലൂടെ ഇത് കണ്ടത്തും. മൊബൈല്‍ ആപ്പിലൂടെയാണ് വിവരശേഖരണം. രാജ്യത്ത് ഇത്തരം സമഗ്രമായ ഡിജിറ്റല്‍ റബ്ബര്‍ സെന്‍സസ് ആദ്യം. സര്‍വേ ഇങ്ങനെ: രാജ്യത്തെകര്‍ഷകരുടെ എണ്ണം, കൃഷിസ്ഥലത്തിന്റെ വിസ്തൃതി, ഉത്പാദനം, കൃഷി ചെയ്യുന്ന ഇനങ്ങള്‍, റെയിന്‍ ഗാര്‍ഡിങ് ടാപ്പിങ് രീതികള്‍, പുതിയ റബ്ബറിനങ്ങളുടെ സ്വീകാര്യത തുടങ്ങി എല്ലാ വിവരങ്ങളും സമാഹരിക്കും.

കോട്ടയം ജില്ലയിലാണ് പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്നത്. പാലാ റീജണല്‍ ഓഫീസ് പരിധിയിലെ ആര്‍.പി.എസുകളുടെ സഹകരണത്തോടെ ഫീല്‍ഡ് എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി. വിവരങ്ങള്‍ ശേഖരിക്കാന്‍ ‘റുബാക് ‘എന്ന പേരില്‍മൊബൈല്‍ ആപ്പിനും രൂപം കൊടുത്തു. എന്യൂമറേറ്റര്‍മാര്‍ കര്‍ഷകരെ നേരില്‍കണ്ട് വിവരങ്ങള്‍ ശേഖരിച്ച് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യും.

റബ്ബര്‍ പ്രൊഡക്ഷന്‍ വിഭാഗവും സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗവും ചേര്‍ന്നാണ് ഇത് നടത്തുന്നത്. പൈലറ്റ് പ്രോജക്ട് പൂര്‍ത്തിയായാല്‍ മലബാറിലെ ഒരു ജില്ലയിലും ത്രിപുരയിലും വിവരശേഖരണം നടക്കും. ഏപ്രില്‍ 26 മുതല്‍
സെന്‍സസ് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നതെന്നും ലോക്ഡൗണ്‍പശ്ചാത്തലത്തിലാണ് നീണ്ടുപോയതെന്നും റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. കെ.എന്‍.രാഘവന്‍ പറഞ്ഞു. രണ്ടുമാസത്തിനു ശേഷം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

TAGS: Rubber Board |