സാങ്കേതിക മികവും സാമ്പത്തിക അച്ചടക്കവും ബിസിനസ് വിജയത്തിന് അനിവാര്യം

Posted on: April 16, 2021


കൊച്ചി: ഭാവിയില്‍ എത്ര മാത്രം ഉപകാരപ്പെടുമെന്ന് അറിയില്ലെങ്കിലും ദീര്‍ഘമായ കാഴ്ചപ്പാടോടെയുള്ള തീരുമാനങ്ങളാണ് കമ്പനികളുടെ തലവരയില്‍ മാറ്റം വരുത്തുന്നതെന്ന് ടാറ്റാ കണ്‍സള്‍ട്ടന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ വി.രാമകൃഷ്ണന്‍ പറഞ്ഞു.

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ലീഡര്‍ ടോക്കില്‍ സാങ്കേതിക തികവും സാമ്പത്തിക അച്ചടക്കവും കേന്ദ്രീകരിച്ചുള്ള ബിസിനസ് വളര്‍ച്ച എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്നതല്ല കമ്പനികളുടെ സാങ്കേതിക വികസനമെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ട ദീര്‍ഘ വീക്ഷണത്തോടെയുള്ള സാങ്കേതികത്തികവാണ് ടിസിഎസിനെ ഇന്നത്തെ നേതൃനിരയില്‍ എത്തുവാന്‍ സഹായിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ സാങ്കേതികത്വവും പരിജ്ഞാനവും പ്രയോജനപ്പെടുത്തുമ്പോഴും ഏറ്റവും പ്രാധാന്യമുള്ള മൂല്യമായ വിശ്വാസത്തിലൂന്നി മുന്നോട്ടു പോയതാണ് കമ്പനിയുടെ തുടര്‍ച്ചയായ വിജയ രഹസ്യമെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഹോണററി സെക്രട്ടറി ജോമോന്‍. കെ. ജോര്‍ജ്ജ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ്.ആര്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

TAGS: KMA |