വനിത ഡയറക്ടര്‍മാരുടെ സംഭാവന : കെ എം എ സെമിനാര്‍

Posted on: April 12, 2021


കൊച്ചി : പുരുഷ ഡയറക്ടര്‍മാരെ പോലെയോ അതിലേറെയോ കഴിവും വിദ്യാഭ്യാസവുമുള്ളവരാണ് കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡുകളിലുള്ള വനിതകളെന്ന് ഡല്‍ഹി സ്‌കില്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. നിഹാരിക വോറ. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ വനിതാ ലീഡര്‍ഷിപ്പ് വിഭാഗം നടത്തിയ സൂം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.2003-ലാണ് നിരവധി രാജ്യങ്ങള്‍ കോര്‍പ്പറേഷനുകളിലെ ബോര്‍ഡുകളില്‍ വനിതകള്‍ വേണമെന്ന ഉത്തരവ് പുറത്തിറക്കിയത്.

നോര്‍വേയാണ് ഇത് ആദ്യം നടപ്പാക്കിയത്. 2008-ല്‍ കമ്പനി ബോര്‍ഡുകളിലുണ്ടായിരുന്ന വനിതകളുടെ എണ്ണം 2018 ആകുമ്പോഴേക്കും വലിയ തോതില്‍ വര്‍ധിച്ചു. ഇന്ത്യയുടെ കാര്യത്തിലാകട്ടെ ഒരു വനിതയെങ്കിലും ബോര്‍ഡില്‍ വേണമെന്നാണ് നിയമം. അതുകൊണ്ടുതന്നെ അഞ്ഞൂറോളം കോര്‍പറേറ്റ് കമ്പനികളില്‍ ഒരാളെങ്കിലും വനിതയായിരിക്കണം. എങ്കിലും ഇപ്പോഴും മൂന്ന് ശതമാനം കമ്പനികളില്‍ വനിതാ ഡയറക്ടര്‍മാരില്ലെന്നതാണ് വസ്തുതയെന്നും നിഹാരിക പറഞ്ഞു.

കെ.എം.എ. സീനിയര്‍ വൈസ് പ്രസിഡന്റ് നിര്‍മല ലില്ലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടറും ചീഫ് ഓഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡോ. ശാലിനി വാരിയര്‍, ഗിരിനഗര്‍ തത്വ സെന്റര്‍ ഓഫ് ലേണിങ് ഡയറക്ടര്‍ ഡോ. ശൈലജ മേനോന്‍ എന്നിവര്‍ സംസാരിച്ചു. കെ.എം.എ. സെക്രട്ടറി ജോമോന്‍ ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.

TAGS: KMA |