ഗാന്ധിഭവന് കാരുണ്യവര്‍ഷമായി വീണ്ടും യൂസഫലി

Posted on: February 17, 2021

പത്തനാപുരം : പത്തനാപുരം ഗാന്ധിഭവന് വീണ്ടും കാരുണ്യവര്‍ഷം ചൊരിഞ്ഞ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ഇത്തവണ അന്‍പത് ലക്ഷം രൂപയാണ് ഗാന്ധിഭവന് നല്‍കിയത്. എം.എ. യൂസഫലിക്കു വേണ്ടി പ്രതിനിധികളായ ഇ. നജിമുദ്ദീന്‍, ഇ.എ. ഹാരിസ്, എന്‍.ബി. സ്വരാജ്, ബാബു വര്‍ഗീസ് എന്നിവര്‍ തിങ്കളാഴ്ച ഗാന്ധിഭവനിലെത്തിയാണ് ഡ്രാഫ്റ്റ് കൈമാറിയത്.

കോവിഡ് ആരംഭത്തില്‍ യൂസഫലി നല്‍കിയ നാല്പത് ലക്ഷത്തിനു പുറമേയാണീ തുക. കൂടാതെ കോവിഡ് പ്രതിരോധത്തിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനും കോവിഡ് കാലത്ത് അന്നദാനത്തിനുമായി 25 ലക്ഷം രൂപയും നല്‍കിയിരുന്നു. അഞ്ചു വര്‍ഷത്തിനിടെ ആറര കോടിയിലധികം രൂപയുടെ സഹായം അദ്ദേഹം ഗാന്ധിഭവന് നല്‍കിയിട്ടുണ്ട്. കൂടാതെ, പതിനഞ്ച് കോടിയോളം രൂപ മുടക്കി ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി യൂസഫലി നേരിട്ടു നിര്‍മിച്ചുനല്‍കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ നിര്‍മാണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.

പത്തനാപുരം ഗാന്ധിഭവനില്‍ 1162 പേരും 16 ശാഖകളിലായി 500 പേരും വസിക്കുന്നു. പ്രയാസകാലത്ത് വലിയ ആശ്വാസം പകരുന്നതാണ് ഈ സഹായമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു.