പ്രതിസന്ധിയില്‍ പ്രത്യാശ പകര്‍ന്ന് ഗാന്ധിഭവന് എം.എ.യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം

Posted on: April 11, 2020

കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകുടുംബം പത്തനാപുരം ഗാന്ധിഭവന് വീണ്ടും സഹായഹസ്തം ചൊരിഞ്ഞ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. കൊറോണ ഭീതിയും, ഭക്ഷണം, ഔഷധം മറ്റ് ദൈനംദിന ചെലവുകള്‍ മുടങ്ങുകയും കടുത്ത സാമ്പത്തിക പ്രതിസന്ധികളും കടബാദ്ധ്യതകളും അലട്ടുകയും ഒട്ടും മുന്നോട്ടുപോകാന്‍ കഴിയാതെവരികയും ചെയ്ത അവസരത്തിലാണ് എം.എ. യൂസഫലി ഗാന്ധിഭവനില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചത്. വിവരം മനസ്സിലാക്കിയ അദ്ദേഹം ഭക്ഷണം ഉള്‍പ്പെടെ ദൈനംദിന ചെലവുകള്‍ക്കും മികച്ച കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇരുപത്തിയഞ്ച് ലക്ഷം അയച്ചുനല്‍കുകയായിരുന്നു.

ഗാന്ധിഭവനിലെ അന്തോവാസികള്‍ക്ക് മികച്ച പ്രതിരോധ പ്രവര്‍ത്തനക്കും സാനിറൈറയ്‌സറും, മാസ്‌കും ഭക്ഷണ നല്‍കുവാനും തുക ചിലവഴിക്കണമെന്നും എം.എ.യൂസഫലി ഗാന്ധിഭവന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചു . ഗാന്ധിഭവന്റെ പത്തനാപുരം സെന്ററിലും കൊല്ലം മുതല്‍ കാസര്‍ഗോഡ് വരെ ജില്ലകളിലെ പന്ത്രണ്ട് ശാഖകളിലുമായി ആയിരത്തി ഇരുനൂറോളം പേര്‍ വസിക്കുന്നു. അതില്‍ എണ്‍പത് ശതമാനവും വയോജനങ്ങളും മാനസിക-ശാരീരിക വൈകല്യമുള്ളവരും കിടപ്പുരോഗികളുമാണ്. കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അതീവ പ്രതിസന്ധിയിലായ ഗാന്ധിഭവനില്‍ ആഹാരത്തിനുപോലും വഴിമുട്ടുന്ന സാഹചര്യത്തിലാണ് പ്രത്യാശ പകര്‍ന്നു എം.എ. യൂസഫലിയുടെ സാന്ത്വനം വീണ്ടും എത്തിയതെന്നു ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു.

ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് വസിക്കുവാന്‍ 15 കോടിയിലേറെ തുക ചെലവിട്ട് യൂസഫലി സ്വന്തം മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചുനല്‍കുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി നല്‍കുന്ന ഒരു കോടിയിലേറെ രൂപയുടെ പ്രതിവര്‍ഷ ഗ്രാന്റിന് പുറമേയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സഹായം.’