സി.ഐ.ഐ. കേരള കുടുംബ ബിസിനസ് സംഗമം ഒമ്പതിന് തൃശ്ശൂരില്‍

Posted on: July 30, 2019

കൊച്ചി : കോണ്‍ഫെഡറേഷന്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) സംഘടിപ്പിക്കുന്ന രണ്ടാമത് കേരള ഫാമിലി ബിസിനസ് സംഗമം ഓഗസ്റ്റ് ഒമ്പതിന് തൃശ്ശൂര്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കുടുംബ ബിസിനസുകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സംഗമം ചര്‍ച്ച ചെയ്യും.

കുടുംബ ബിസിനസിലെ അധികാര കൈമാറ്റം, ഉചമസ്ഥത, നേതൃമാറ്റം, വളര്‍ച്ചാ ലക്ഷ്യം, കുടുംബാഗങ്ങള്‍ക്കുള്ള പ്രതിഫലം, റിട്ടയര്‍മെന്റ്, കുടുംബത്തിന് പുറത്തുനിന്നുള്ള പ്രൊഫഷണലുകളുടെ പങ്ക് എന്നീ വിഷയങ്ങളിലെ വെല്ലുവിളികളെക്കുറിച്ചും സംഗമത്തില്‍ ചര്‍ച്ചചെയ്യും.
കുടുംബ ബിസിനസിലെ അഭിപ്രായ ഭിന്നതകള്‍, നയ വ്യതിയാനങ്ങള്‍, ധര്‍മസങ്കടങ്ങള്‍ എന്നിവയെക്കുറിച്ചും പ്രമുഖ മാനേജ്‌മെന്റ് ഗുരുവും ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ അധ്യാപകനുമായ പ്രൊഫ. കാവില്‍ രാമചന്ദ്രന്‍ പ്രഭാഷണം നടത്തും. പോപ്പുലര്‍ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍. കെ. പോളും സംബന്ധിക്കും.

കുടുംബ ബിസിനസില്‍ പുതുതലമുറ എത്തേണ്ടത് എങ്ങനെ എന്ന വിഷയത്തിലുള്ള പാനല്‍ ചര്‍ച്ചയില്‍ മാതൃഭൂമിയെ പ്രതിനിധാനം ചെയ്ത് ക്ലബ്ബ് എഫ്. എം. പ്രോഗ്രാം ഹെഡ് മയൂര ശ്രേയാംസ് കുമാര്‍ പങ്കെടുക്കും. ഭീമ ഗ്രൂപ്പില്‍നിന്നുള്ള അഭിഷേക് ബിന്ദുമാധവ്, ബ്ലൂടിംബര്‍ മ്യൂസിക്കിന്റെ സേറ ജോണ്‍ എന്നിവരും പങ്കെടുക്കും. പ്രമുഖ എക്‌സിക്യൂട്ടീവ് കോച്ചും ഫാമിലി ബിസിനസ് അഡൈ്വസറുമായ സഞ്ജയ് പോള്‍ ആന്റണി മോഡറേറ്ററായിരിക്കും.

കുടുംബ ബിസിനസുകളുടെ പ്രൊഫഷണല്‍വത്കരണത്തെക്കുറിച്ച് ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, പ്രൊഫ. പിരാമള്‍ മര്‍ച്ചന്റ് എന്നിവര്‍ സംസാരിക്കും. ഫാമിലി ബിസിനസ് അഡൈ്വസര്‍ എം. എസ്.എ. കുമാര്‍ മോഡറേറ്ററാകും.

കുടുംബ ബിസിനസിലെ തര്‍ക്കങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന വിഷയത്തില്‍ എം. പി. ശ്രീറാമിന്റെ ക്ലാസ് ഉണ്ടാവും.

കുടുംബ ബിസിനസുകളുടെ സുഗമമായ വളര്‍ച്ചയ്ക്ക് കൃത്യമായ ഭരണഘടനയും നയങ്ങളും സ്വയം രൂപപ്പെടുത്തേണ്ടതുണ്ടെന്ന വിഷയത്തില്‍ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ അജു ജേക്കബ് പ്രഭാഷണം നടത്തും.

ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പരിപാടി. സി.ഐ.ഐ. കേരള ഘടകം ചെയര്‍മാനും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ്ഗ ഡയറക്ടറുമായ കെ. പോള്‍ തോമസും സംബന്ധിക്കും. രജിസ്‌ട്രേഷന് : 9895757245, 0484 -4012300, ഇ-മെയില്‍ [email protected]

TAGS: CII |