കേരളത്തിലെ ഹെൽത്ത് ടൂറിസം മേഖല നൂറു കോടി ഡോളറിലേക്ക്

Posted on: July 4, 2019

കൊച്ചി : കേരളത്തിലെ ആരോഗ്യ ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം അടുത്ത വർഷത്തോടെ നൂറു കോടി ഡോളറിലെത്തുമെന്ന് കൊച്ചിയിൽ ആരംഭിച്ച കേരളാ ഹെൽത്ത് ടൂറിസം ഉച്ചകോടി ചൂണ്ടിക്കാട്ടി. ആരോഗ്യ ടൂറിസം മേഖലയിലെ സുപ്രധാന ലക്ഷ്യ സ്ഥാനമായി കേരളം ഉയർന്നു കൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ് കൊച്ചി ലെ മെറിഡിയനിൽ നടക്കുന്ന ഏഴാമത് കേരളാ ഹെൽത്ത് ടൂറിസം ഉച്ചകോടി പ്രധാനമായും ചർച്ച ചെയ്യുന്നത്. ബംഗ്ലാദേശ്, ഒമാൻ, ആഫ്രിക്ക, ജിദ്ദ, കംബോഡിയ, ഇറാക്ക്, മാലിദീപ്, യമൻ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.) സർവീസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലുമായി സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

സമീപ പ്രദേശമായതു കൊണ്ടല്ല, ഉന്നത നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ മൂലമാണ് മാലിദീപിൽ നിന്നുള്ളവർ കേരളത്തിലേക്ക് ആരോഗ്യ സംബന്ധിയായ സേവനങ്ങൾ തേടി എത്തുന്നതെന്ന് ഉച്ചകോടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ മാലിദീപ് അംബാസഡർ ഐഷത് മൊഹമ്മദ് ദിദി ചൂണ്ടിക്കാട്ടി. മാലിദീപിലെ പാരമ്പര്യ ഔഷധങ്ങൾക്കുള്ള ചേരുവകൾ കേരളത്തിൽ നിന്നു ശേഖരിച്ചിരുന്നതിനെക്കുറിച്ചുള്ള തന്റെ ബാല്യകാല സ്മരണകളും അംബാസിഡർ പങ്കുവെച്ചു. കഴിഞ്ഞ 40 വർഷത്തിലേറെയായി യമനിൽ നിന്നുള്ളവർക്ക് കേരളം സുപ്രധാന ചികിൽസാ കേന്ദ്രമാണെന്ന് യമൻ റിപബ്ലിക് അംബാസിഡർ അബ്ദുൽമാൽക് അബ്ദുല്ലാ അൽ ഇറിയാനിയും തന്റെ മുഖ്യ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. തങ്ങളുടെ നാട്ടിൽ നിന്നു ചികിത്സ തേടിയെത്തുന്നവരെ സംബന്ധിച്ച് വളരെ സുരക്ഷിതമായ സാഹചര്യങ്ങളാണ് കേരളം ഒരുക്കുന്നതെന്നും യമൻ അംബാസഡർ പറഞ്ഞു.

ഇന്ത്യയിലെ ആരോഗ്യ ടൂറിസം മേഖല 2020 ഓടെ എഴുന്നൂറു മുതൽ എണ്ണൂറു കോടി ഡോളർ വരെ എന്ന നിലയിലേക്ക് ഉയരുമെന്ന് സി.ഐ.ഐ. കേരളാ ചെയർമാനും ഇസാഫ് മൈക്രോ ഫിനാൻസ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പോൾ തോമസ് ചൂണ്ടിക്കാട്ടി. അത്യൂധുനീക ചികിൽസാ സൗകര്യങ്ങളാണ് വിദേശികൾ കേരളത്തിൽ നിന്നു പ്രതീക്ഷിക്കുന്നത്. മികച്ച പരിശീലനം നേടിയ വിദഗ്ദ്ധർ, ഇംഗ്ലീഷ് സംസാരിക്കുന്ന ജീവനക്കാർ, സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രികളിലെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യയുടെ ഉപയോഗം, അത്യാധുനീക രോഗനിർണയ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നു എന്നതാണു കേരളത്തിനു നേട്ടമാകുന്നത്. ആയുർവേദവും ആധുനീക ചികിൽസാ സംവിധാനവും അവയുടേതായ ശക്തിയോടെ ഇവിടെ നിലനിൽക്കുന്നു. ഈ മേഖലയെ ശക്തമാക്കാനുള്ള സംയോജിത മാർഗങ്ങളുമായി എത്താൻ ആരോഗ്യ, ടൂറിസം മേഖലയിലുള്ളവരും സർക്കാരും ഒരുമിച്ചെത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ആരോഗ്യ രംഗത്ത് പല മേഖലകളിലും വികസിത രാജ്യങ്ങളുടെ നിലവാരത്തിലാണ് കേരളമെന്ന് ഉച്ചകോടിയിൽ വിഷയം അവതരിപ്പിച്ച ആസ്റ്റർ ഹോസ്പിറ്റൽസ് ആന്റ് ക്ലിനിക്‌സ്, ഇന്ത്യയുടെ സി.ഇ.ഒ. ഡോ. ഹരീഷ് പിള്ള ചൂണ്ടിക്കാട്ടി. യു.കെ.യിലെ എൻ.എച്ച്.സിൽ 50 ശതമാനം ഡോക്ടർമാരും ഇന്ത്യയിൽ നിന്നാണ്. അതിൽ പകുതിയും കേരളത്തിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ നിരവധി നിക്ഷേപങ്ങളാണ് നടക്കുന്നത്. കേരളത്തിൽ പൊതു മേഖലയിലുള്ള അഞ്ച് ആശുപത്രികൾ അടക്കം എൻ.എ.ബി.എച്ച്. അക്രഡിറ്റേഷനും അന്താരാഷ്ട്ര അക്രഡിറ്റേഷനും ഉള്ള 40 ആശുപത്രികളാണുള്ളത്. ലോകത്തെവിടെയുമുള്ളവയുമായി മത്സരിക്കാൻ കഴിവുള്ളവയാണ് കേരളത്തിലെ ആശുപത്രികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസിത രാഷ്ട്രങ്ങളിലെ വൻ ചെലവാണ് വികസ്വര രാഷ്ട്രങ്ങളിലേക്കു ചികിത്സാ സൗകര്യം തേടിയെത്താൻ അവടെയുള്ളവരെ പ്രേരിപ്പിക്കുന്നതെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ചൂണ്ടിക്കാട്ടി. വിനേദ സഞ്ചാര രംഗത്ത് നേടിയ അംഗീകാരം ഇപ്പോൾ ഹെൽത്ത് ടൂറിസം മേഖലയിലും നേട്ടമുണ്ടാക്കാൻ കേരളത്തെ സഹായിക്കുകയാണെന്ന് കിംസ് ഹെൽത്ത്‌കെയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ.എം. നജീബ് ചൂണ്ടിക്കാട്ടി.

രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി, സർവീസസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്യോതി കൗർ വിശദീകരിച്ചു. സിഐഐ കേരള ഹെഡും ഡയറക്ടറുമായ ജോൺ കുരുവിള, സിഐഐ കേരള വൈസ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: CII | Health Tourism |