കെഎംഎ വാര്‍ഷിക കണ്‍വെന്‍ഷന്‍ അടുത്തമാസം

Posted on: February 25, 2019

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) 38 -ാം വാര്‍ഷിക ദേശീയ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മാര്‍ച്ച് 7,8 തിയതികളിലാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ പ്രമേയവും പ്രമേയത്തിന്റെ ആശയവും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രോക്റ്റര്‍ ആന്‍ഡ് ഗാംബിള്‍ വൈസ് പ്രസിഡന്റ് ആനന്ദ് ജയരാമനും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജിബു പോളും ചേര്‍ന്ന് ഔദ്യോഗികമായി അവതരിപ്പിച്ചു.

യുവ ഇന്ത്യയുടെ ആഗോള അഭിലാഷങ്ങള്‍ എന്നതാണ് ഇത്തവണത്തെ കെ എം എ ദേശീയ കണ്‍വെന്‍ഷന്റെ മുഖ്യ പ്രമേയം. രാജ്യാതിര്‍ത്തികള്‍ മറികടന്ന് ജോലി ചെയ്യുവാനും ബിസിനസുകള്‍ നടത്താനും ജീവിതം കെട്ടിപ്പടുക്കാനും വളരാനും തയാറെടുത്തിരിക്കുന്ന യുവജനങ്ങള്‍ നേരിടുന്ന വിവിധ വെല്ലുവിളികളും സാധ്യതകളും പരിമിതികളും പ്രതിസന്ധികളും അവരെ കാത്തിരിക്കുന്ന അവസരങ്ങളുമാണ് കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്യുക. എന്തൊക്കെ തയാറെടുപ്പുകള്‍ ആവശ്യമാണ് എന്നതും വിശദീകരിക്കപ്പെടും. ഇക്കാര്യത്തില്‍ അനുഭവ സമ്പന്നരായ ഒട്ടേറെ വിദഗ്ധര്‍ സംവദിക്കാനെത്തും.

ആശയരൂപീകരണത്തിന്റെ ഭാഗമായി ആഗോള ബിസിനസില്‍ നിന്നും ലഭ്യമായ പാഠങ്ങള്‍ എന്ന വിഷയത്തില്‍ ആനന്ദ് ജയരാമന്‍ പ്രഭാഷണം നടത്തി. നാം പ്രതീക്ഷിക്കുന്ന ഏറെ വ്യത്യസ്തമായിരിക്കും യാഥാര്‍ത്ഥ്യം എന്നതിനാല്‍ , ശരിയായ സമയത്ത് കൈകൊള്ളുക എന്നതാണ് പ്രധാനം. കമ്പോളത്തെപ്പറ്റിയുള്ള ശരിയായ വിവരം ലഭിക്കുക എന്നത് മുഖ്യമാണ്. നമുക്കു ലഭ്യമായിരിക്കുന്ന വിവരങ്ങള്‍ മിക്കപ്പോഴും ഏകപക്ഷീയമായിരിക്കും. അതിനാല്‍ അതിന്റെ മറുവശങ്ങള്‍ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. അതത്ര എളുപ്പമല്ലെന്നും അദേഹം വ്യക്തമാക്കി.

നമ്മള്‍ പറയുന്നതൊക്കെ സമ്മതിച്ചു തരുന്നവരായിരിക്കും ചുറ്റുമുള്ളത്. വിയോജിക്കുന്നവരെ കണ്ടെത്തി അവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചെടുക്കുക എന്ന ദൗത്യം ഏറെ കഠിനവുമാണെന്ന് ആനന്ദ് ജയരാമന്‍ ചൂണ്ടിക്കാട്ടി. പ്രമേയ അവതരണച്ചടങ്ങില്‍ കെ എം എ പ്രസിഡന്റ് ദിനേശ് പി തമ്പി, പ്രഭാഷണ സമിതി ചെയര്‍മാന്‍ സി എസ് കര്‍ത്ത, കെഎംഎ സെക്രട്ടറി വി ജോര്‍ജ് ആന്റണി എന്നിവര്‍ പങ്കെടുത്തു.

TAGS: KMA |