ഡിജിറ്റൽ ടെക്‌നോളജി വ്യാപിപ്പിക്കാൻ നയപരമായ ഇടപെടൽ വേണം : ക്രിസ്റ്റി ഫെർണാണ്ടസ്

Posted on: January 19, 2019

കേരള മാനേജ്‌മെന്റ് അസോസിയേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച കേരള ഡിജിറ്റൽ സമ്മിറ്റ് – 2019 കെഎസ്‌ഐഡിസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു. സി.എസ്. കർത്താ, ദിനേശ് പി. തമ്പി, വിശാൽ എ. കൻവതി എന്നിവർ സമീപം.

കൊച്ചി : രാജ്യത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വ്യാപനത്തിന് ശക്തമായ നയ ഇടപെടൽ വേണമെന്ന് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) കേരള ഡിജിറ്റൽ ഉച്ചകോടി – 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ രാജ്യം ടെലികമ്യൂണിക്കേഷൻ രംഗത്തും ഡിജിറ്റൽ ടെക്‌നോളജി മേഖലയിലും അഭൂതപൂർവമായ നേട്ടവും പുരോഗതിയുമാണ് കൈവരിച്ചത്.

എന്നാൽ ഡിജിറ്റൽ ടെക്‌നോളജി വ്യാപകമാകുന്ന കാര്യത്തിൽ ഇനിയും ഒട്ടേറെ മുന്നോട്ടു പോകാനുണ്ട്. വലിയ വെല്ലുവിളിയാണത്. ജനങ്ങളെ കൂടുതൽ ബോധവത്കരിക്കേണ്ടതുണ്ട്. നഗരങ്ങളിൽ ഇന്റർനെറ്റ് മിക്കയിടത്തും ലഭ്യമാണെങ്കിലും ഗ്രാമീണ മേഖലയിൽ ഇപ്പോഴും കേവലം ആറു ശതമാനം സാന്നിധ്യമേയുള്ളൂ. കർഷകർക്കും കച്ചവടക്കാർക്കും വിദ്യാർഥികൾക്കുമൊക്കെ ഡിജിറ്റൽ സാങ്കേതിക വിദ്യ എത്രത്തോളം സഹായകമായി എന്നതു പരിശോധിക്കേണ്ട വിഷയമാണ്. ഡിജിറ്റൽ ഇന്ത്യയുടെ പ്രയോജനം രാജ്യത്തെ എല്ലാവർക്കും താങ്ങാവുന്ന നിരക്കിൽ ലഭ്യമാകണം. അത് അവരുടെ അവകാശമാണെന്നും ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് പറഞ്ഞു.

കെഎംഎ പ്രസിഡന്റ് ദിനേശ് പി. തമ്പി അധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റിയംഗം സി.എസ്. കർത്താ സ്വാഗതവും കെഎംഎ സെക്രട്ടറി വി. ജോർജ് ആന്റണി നന്ദിയും പറഞ്ഞു. ടിസിഎസ് കൺസൾട്ടന്റ് ബേബി പ്രിയ, മെന്റോഗുരു ഡയറക്ടർ എസ്.ആർ. നായർ, ലുലു ഇന്റർനാഷണൽ ഡിജിറ്റൽ ടെക്‌നോളജി ഹെഡ് ഡേവിസ് ഡി. പാറക്കൽ, ജീവാനിയം ട്രസ്റ്റ് സ്ഥാപക ഡയറക്ടർ ഡോ. രശ്മി പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഐടി ആൻഡ് മാനേജ്‌മെന്റ് കേരള ഡയറക്ടറുമായ ഡോ. സജി ഗോപിനാഥ് സമാപന പ്രസംഗം നടത്തി.