കാഴ്ചയില്‍ ചെറുതെങ്കിലും വലിയ ചിന്തകളുമായി ജ്വാല സുകുമാരന്‍

Posted on: December 13, 2018

കൊച്ചി : ശാരീരിക വൈകല്യമുള്ളവര്‍ക്കു കൂടി അനുയോജ്യമായ രീതിയില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണം നടത്തണം എന്നാവശ്യപ്പെടുകയാണ് സെറ ഡിസൈന്‍ കേരള സമ്മേളനത്തില്‍ പങ്കെടുത്ത ജ്വാല സുകുമാരന്‍. കൊച്ചിയില്‍ നടക്കുന്ന സെറ ഡിസൈന്‍ കേരള സമ്മേളനത്തില്‍ പങ്കെടുത്ത 3 അടി ഉയരം മാത്രമുള്ള ജ്വാലയുടെ ഉള്‍ക്കാഴ്ചകള്‍ ഏറെ ശ്രദ്ധേയമാണ്.

പ്രളയസമയത്ത് ശാരീരിക വൈകല്യമുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഇരട്ടിയായിരുന്നുവെന്ന് ഈ 19 കാരി പറഞ്ഞു. അതിനാല്‍ തന്നെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ശാരീരിക വൈകല്യ സൗഹൃദമായ സമീപനം വേണം. ഇത്തരം കാര്യങ്ങളില്‍ തന്റേതായ സംഭാവന നല്‍കുന്നതിനു വേണ്ടി രാജ്യത്തെ മികച്ച ഡിസൈന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ശ്രമിക്കുകയാണ് ജ്വാല.

പൊതു സ്ഥലങ്ങളിലൊന്നും ചക്രക്കസേരയ്ക്ക് കയറാനുള്ള സംവിധാനമില്ല. പടികളാണെങ്കില്‍ തന്നെ ഉയരം കൂടിയതാണ്. സ്‌കൂളുകളില്‍ പോലും ഇത്തരം സൗകര്യങ്ങളില്ലെന്ന് ജ്വാല ചൂണ്ടിക്കാട്ടി.

ചേരികളിലെ കുട്ടികളില്‍ പഠനത്തിന് സൗകര്യം ലഭിക്കാതെ കരകൗശല വസ്തുക്കള്‍ വില്‍ക്കാന്‍ നടക്കുന്നത് കണ്ടതില്‍ നിന്നാണ് ഡിസൈന്‍ മേഖലയിലേക്ക് കടക്കണമെന്ന് തനിക്കു തോന്നിയതെന്ന് ജ്വാല പറഞ്ഞു. അവര്‍ക്കും തനിക്ക് ലഭിച്ച അവസരങ്ങള്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു.

സംസ്‌കരിച്ച പ്ലാസ്റ്റിക്കില്‍ നിന്ന് വസ്ത്രങ്ങള്‍ ഉണ്ടാക്കാനാണ് ജ്വാല ആഗ്രഹിക്കുന്നത്. ഇതു വഴി മുംബൈ ധാരാവിയിലെ ചേരിയിലെ ആളുകള്‍ക്ക് തൊഴില്‍ നല്‍കാനാണ് ആഗ്രഹം. തന്നെപ്പോലെ വൈകല്യമുള്ളവര്‍ക്ക് പറ്റിയ വസ്ത്രം പോലും ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അത്തരം വിഷയങ്ങളെ അഭിമുഖീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരായ കെ കെ സുകുമാരന്‍-ലൗവ്‌ലി മോള്‍ മോഹന്‍ ദമ്പതികളുടെ ഏകമകളാണ് ജ്വാല. സ്വന്തം ജീവിതലക്ഷ്യം തന്നെ മറ്റുള്ളവരെ സഹായിക്കലാണെന്ന് അവര്‍ പറഞ്ഞു. ചരടില്‍ കെട്ടി വൃദ്ധരായവര്‍ക്ക് കുളിക്കാന്‍ സാധിക്കുന്ന രീതിയില്‍ ജ്വാല സോപ്പ് ഒരുക്കിയിരുന്നു. ഇത് വളരെ സഹായകരമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇത്തരം നുറുങ്ങു വഴികളിലൂടെയും ബുദ്ധിമുട്ടുകള്‍ മാറ്റാമെന്ന് അവര്‍ തെളിയിക്കുകയാണ്.