പ്രളയാനന്തര നിര്‍മ്മിതിയില്‍ സുസ്ഥിരതയും ആവശ്യകതയും സന്തുലിതമാകണമെന്ന് വിദഗ്ധര്‍

Posted on: December 13, 2018

കൊച്ചി : പ്രളയാനന്തര കേരളത്തിലെ നിര്‍മ്മിതികളില്‍ സുസ്ഥിരതയുടേയും ആവശ്യകതയുടേയും സന്തുലനം അനിവാര്യമാണെന്ന് ഡിസൈന്‍ കേരള ഉച്ചകോടിയില്‍ പ്രമുഖ വാസ്തുശില്‍പികളും ഡിസൈന്‍ വിദഗ്ധരും അഭിപ്രായപ്പെട്ടു. അത്തരം നിര്‍മ്മിതികള്‍ വികസനത്തിലൂന്നിയവയും ഭാവി വിപത്തുകളെ ചെറുക്കുന്നതുമായിരിക്കണമെന്നും വിദഗ്ധര്‍ വ്യക്തമാക്കി. ഉച്ചകോടിയുടെ രണ്ടാം ദിവസമായ ബുധനാഴ്ച വിവിധ ചര്‍ച്ചകളില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നിലവിലുള്ള പ്രവര്‍ത്തനങ്ങളെ വിമര്‍ശന ബുദ്ധിയോടെ കാണുകയും പുതിയ രൂപകല്പനകള്‍ക്കും നിര്‍മ്മാണ സ്വഭാവങ്ങള്‍ക്കും പ്രകൃതിനിയമങ്ങളും അതിന്റെ സ്വതവേയുള്ള പ്രതിരോധ സ്വഭാവവും മനസ്സിലാക്കുകയും വേണമെന്നും അവര്‍ വ്യക്തമാക്കി. നിര്‍മ്മാണ മാതൃകകളില്‍ ദിശാമാറ്റം ആവശ്യമായിരിക്കുന്നു. ഭാവി നിര്‍മ്മാണ മാതൃകകള്‍ പരിസ്ഥിതിക്കിണങ്ങിയ രീതിയിലുള്ളവയാണെന്ന് ഉറപ്പുവരുത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

എന്താണ് നിര്‍മ്മിക്കേണ്ടതെന്നും വികസനവും സുസ്ഥിരതയുമായുള്ള സന്തുലനം കണ്ടെത്തേണ്ടതുണ്ടെന്നും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ആര്‍ട്‌സ് ആന്‍ഡ് ഐഡിയാസ് എന്ന ആര്‍ക്കിടെക്ചര്‍ ജേണലിന്റെ എഡിറ്റര്‍ ദുര്‍ഗാനന്ദ് ബല്‍സാവര്‍ പറഞ്ഞു.

നിര്‍മ്മാണത്തിനു മുന്‍പേ ഭൂമിയുടെ ഘടന വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് സുപ്രധാനമാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ മുന്‍ ഡയറക്ടര്‍ ഡോ. ഡാര്‍ളി കോശി ചൂണ്ടിക്കാട്ടി.

ഡിസൈനര്‍ എന്നാല്‍ ഉത്‌പ്രേരകവും മാര്‍ഗവും മാറ്റങ്ങള്‍ സുഗമമാക്കുന്നയാളുമാണെന്ന് കിബ ഡിസൈന്‍സ് സ്ഥാപകന്‍ അഭിമന്യു നോവാര്‍ പറഞ്ഞു. പുനര്‍നിര്‍മാണത്തിനുദ്ദേശിക്കുന്ന സ്ഥലത്ത് താമസിക്കുന്നവരുടേതുള്‍പ്പെടെയുള്ളവരുടെ അനുഭവവും ആശയങ്ങളും ഉള്‍പ്പെടുത്തിയുള്ള നിര്‍മ്മിതിക്കാണ് ഡിസൈനര്‍ സഹായിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുരന്ത ബാധിത സമൂഹത്തിന് തങ്ങള്‍ അധിവസിക്കുന്ന പരിസ്ഥിതിയെക്കുറിച്ചുള്ള സമ്പന്നമായ അറിവുണ്ടായിരിക്കുമെന്നും പുനര്‍നിര്‍മ്മാണ പരിഹാരങ്ങള്‍ക്ക് ഇത് ഉപകരിക്കുമെന്നും ഹണ്‍ഡ്രഡ് ഹാന്‍ഡ്‌സ് സ്ഥാപകന്‍ ബിജോയ് രാമചന്ദ്രന്‍ പറഞ്ഞു. 

കുറഞ്ഞ ചെലവില്‍ പ്രാദേശിക സാങ്കേതികവിദ്യകളുപയോഗിച്ച് തമിഴ്‌നാട്ടിലെ സുനാമിബാധിത പ്രദേശങ്ങളായ തരംഗംപാടിയിലും ചിന്നന്‍ഗുഡിയിലും നിര്‍മ്മിച്ച പദ്ധതികളും ബിജോയ് പ്രദര്‍ശിപ്പിച്ചു. പ്രകൃതിക്കും മനുഷ്യനും ഇണങ്ങുന്ന തരത്തിലായിരിക്കണം കെട്ടിടങ്ങളും ആവാസസ്ഥലങ്ങളുമെന്നും സുസ്ഥിരമായ സ്ഥലങ്ങള്‍ ഭംഗിയുള്ളതായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.