നവകേരള നിര്‍മ്മാണം പൊതുജനകേന്ദ്രീകൃതമാകണം : ഡിസൈന്‍ സമ്മിറ്റ്

Posted on: December 12, 2018

കൊച്ചി : പൊതുജന കേന്ദ്രീകൃതമായ പദ്ധതികളിലൂടെയാകണം സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണമെന്ന് ഡിസൈന്‍ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ ഡിസൈന്‍ കേരള സമ്മേളനത്തിലാണ് വിദഗ്ധര്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്.

സംസ്ഥാനത്തിന്റെ പരിസ്ഥിതിയ്ക്കനുയോജ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അവലംബിക്കാവൂ എന്ന് പ്രമുഖ ആര്‍ക്കിടെക്ടും ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ജി ശങ്കര്‍ പറഞ്ഞു. പാരിസ്ഥിതികമായി കേരളം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാനിടയുള്ള സ്ഥലമാണ്. കേരളത്തെ കൂടുതല്‍ മെച്ചമായി പുനര്‍നിര്‍മ്മിക്കുമെന്ന് നാം തീരുമാനിക്കണം. അതിനായി നാം വേരുകളിലേക്ക് മടങ്ങണമെന്നും കാലാവസ്ഥാ വ്യതിയാനത്തിന് കാരണക്കാരാണെന്ന് സത്യത്തില്‍ നിന്ന് ആര്‍ക്കിടെക്ടുകള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വാസ്തുകല എപ്പോഴും അടിസ്ഥാന കാര്യങ്ങൡലേക്കുള്ള തിരിച്ചു പോക്കാണെന്ന് ആര്‍ക്കിടെമ്പോ ക്രിയേറ്റീവ് ഡയറക്ടര്‍ ആലോക് നന്ദി പറഞ്ഞു. സിലിക്കണ്‍ വാലിയിലെ വികസനം ഇവിടെ പകര്‍ത്താന്‍ നോക്കുന്നതില്‍ അര്‍ത്ഥമില്ല. 3000 വര്‍ഷം പുറകിലേക്ക് ചിന്തിച്ച് പഴയ കാലത്തെ നിര്‍മ്മാണ രീതിയിലേക്ക് തിരികെ പോകണം. ഡിസൈന്‍ കേരള സംഘടിപ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയിലെ ഡിസൈന്‍ ലാബായി കേരളത്തിന് മാറാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പാനല്‍ ചര്‍ച്ചകള്‍, ആശയ സംവാദം, ചര്‍ച്ചകളും സംഭാഷണങ്ങളും തുടങ്ങി കേരളത്തിന്റെ ഭാവി പുനര്‍നിര്‍മ്മിതയ്്ക്കുള്ള സുസ്ഥിര പദ്ധതികളാണ് ഡിസൈന്‍ കേരള സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.