സുസ്ഥിരത ഉറപ്പാക്കാന്‍ തൊഴില്‍ ഗ്രാമങ്ങളിലേയ്‌ക്കെത്തണമെന്ന് വിദഗ്ധര്‍

Posted on: December 13, 2018

കൊച്ചി : കൈത്തറി വ്യവസായത്തിലേതടക്കം നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന തൊഴിലുകളുടെ നല്ല ഭാഗം ഗ്രാമത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരണമെന്ന് പ്രശസ്ത ഫാഷന്‍ ഡിസൈനറായ രാഹുല്‍ മിശ്ര പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച സെറ ഡിസൈന്‍ കേരള ഉച്ചകോടിയില്‍ കേരള കൈത്തറിയുടെ രൂപകല്പനയ്ക്ക് മാതൃക എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈത്തറിയ്ക്ക് വിലയേറുന്നുണ്ടെങ്കിലും പലര്‍ക്കും ഇപ്പോഴും അത് താങ്ങാവുന്നതേയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.

കൈത്തറി വിലപിടിപ്പുള്ളതാണെന്ന് കരുതിയാല്‍ പോലും 35 ലക്ഷം ജനങ്ങളില്‍ പകുതിയും ഈ ആഡംബരം താങ്ങാന്‍ ശേഷിയുള്ളവരാണ്. കൈത്തറി വ്യവസായത്തിന്റെ മുഖം മാറ്റാനും നെയ്ത്തുകാരുടെ ജീവിതം മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയും. യഥാര്‍ഥ നൈപുണ്യം ഗ്രാമങ്ങളിലാണ് നിലനില്‍ക്കുന്നതെന്ന അവബോധം സൃഷ്ടിക്കണം. ഗ്രാമങ്ങളിലേയ്ക്ക് ഡിസൈനുകള്‍ തിരിച്ചുകൊണ്ടുവന്നാല്‍ നഷ്ടപ്പെട്ട പല ആശയങ്ങളും വീണ്ടെടുക്കാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ കൈത്തറിയുടെ സാധ്യതകള്‍ എന്തുകൊണ്ട് രാജ്യാന്തര ഡിസൈനര്‍മാര്‍ പരിശോധിക്കുന്നില്ലെന്ന ചോദ്യത്തിന് സമൃദ്ധവും സമ്പന്നവുമായ ഈ വസ്ത്രവ്യവസായത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നതാണ് വസ്തുത. ഇതിനെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കണം. നെയ്ത്തുകാരുടെകൂടെ അവര്‍ താമസിക്കുന്ന സ്ഥലങ്ങളുടെയും അവരുടെ നൈപുണ്യത്തെക്കുറിച്ചും രേഖപ്പെടുത്തണം. ഈ പട്ടിക ഡിസൈനര്‍മാര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ടൈംസ് ഫാഷന്‍ എഡിറ്റര്‍ വിനോദ് നായര്‍ മോഡറേറ്ററായിരുന്നു. പ്രളയത്തിനുശേഷം കേരളത്തില്‍ ഭൂമിയുടെ ലഭ്യത കുറഞ്ഞിട്ടുണ്ടെന്ന്, ഭാവി ആവാസകേന്ദ്രങ്ങളുടെ രൂപകല്പന എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ബാക്കിയുള്ള ഭൂമിയില്‍ എത്ര ഫലപ്രദമായി ജനവാസം കേന്ദ്രീകരിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.

സംസ്ഥാനം പുനര്‍നിര്‍മിതിക്ക് വിധേയമാകുമ്പോള്‍ പോയ കാലം സൃഷ്ടിച്ച ജ്ഞാനത്തെ വിസ്മരിക്കരുതെന്ന് കോപ്പന്‍ ഹേഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ററാക്ഷന്‍ ഡിസൈനിലെ സൈറസ് ക്ലാര്‍ക്ക് പറഞ്ഞു. പ്രമുഖ ആര്‍ക്കിടെക്ട് അജിത് വ്യാസ് മോഡറേറ്ററായിരുന്നു. സെറ സാനിറ്ററിവെയര്‍ മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് പി.കെ ശശിധരന്‍, ആര്‍ക്കിടെക്ടുമാരായ ജേക്കബ് ചെറിയാന്‍, ഫഹദ് മജീദ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.