ഡിസൈനര്‍മാര്‍ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളണം : വിദഗ്ധര്‍

Posted on: December 12, 2018

കൊച്ചി : സാധനങ്ങളുടെ രൂപകല്പനയില്‍നിന്ന് ആവാസ വ്യവസ്ഥയുടെ രൂപകല്പനയിലേക്ക് സാഹചര്യങ്ങള്‍ മാറുന്നതുകൊണ്ട് സമൂഹത്തിന്റെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ ഡിസൈനര്‍മാര്‍ക്ക് കഴിയണമെന്ന് കോപ്പന്‍ഹേഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ററാക്ടിവ് ഡിസൈന്‍ സമ്മര്‍ സ്‌കൂള്‍ ഫാക്കല്‍റ്റിയും ബിബിസി ക്രിയേറ്റീവ് ഡയറക്ടറുമായ ഫിലിപ്പോ കുട്ടിക അഭിപ്രായപ്പെട്ടു.
ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഡിസൈന്‍ കേരള സമ്മിറ്റിലെ പാനല്‍ ചര്‍ച്ചയില്‍ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഡിസൈനിംഗിലെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഫിലിപ്പോ.
സാങ്കേതിക വിദ്യ അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് ഫിലിപ്പോ ചൂണ്ടിക്കാട്ടി.

ഇവിടെ ഭാവിയെയും ആവാസ വ്യവസ്ഥയെയും സംസ്‌കാരങ്ങളെയും പുനര്‍നിര്‍വചിക്കുന്നതില്‍ ഡിസൈനര്‍മാരുടെ സ്ഥാനം മുന്‍ നിരയിലാണ്.
ഇന്ത്യയുടെ സാങ്കേതികവിദ്യാ പശ്ചാത്തലം അതുല്യമാണ്. വിവിധ വീക്ഷണ കോണുകളില്‍ നിന്നുള്ള ആശയങ്ങള്‍ ഇവിടെ വന്നുകൊണ്ടിരിക്കുന്നു. പരസ്പര ബന്ധിതമായിരിക്കുന്ന പുതിയ ലോകം പുതിയ തരം രീതിശാസ്ത്രവും പുതിയ തരം അവബോധവും ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചാലും അതെല്ലാം ഉപഭോക്തൃ കേന്ദ്രീകൃത മായിരിക്കുമെന്ന് ഏണസ്റ്റ് ആന്റ് യംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് നായര്‍ പറഞ്ഞു. സേവനങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിന്റെ മികച്ച മാതൃക നല്ലൊരു കഥപറച്ചിലിലുണ്ട്. ഇതില്‍ ഉപഭോക്താവിന്റെ മനസ് അറിയുന്നതിനുള്ള ശ്രമമുണ്ട്. ഉപഭോക്താവിന്റെ താല്‍പര്യങ്ങളും ആവാസവ്യവസ്ഥയും മനസിലാക്കുക എന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

എണസ്റ്റ് ആന്റ് യംഗ് ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ റിച്ചാര്‍ഡ് ആന്റണി മോഡറേറ്ററായി. എയര്‍ബസ് ബിസ് ലാബ് ഇന്ത്യ ലീഡര്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, വിപ്രോ ഡിജിറ്റല്‍ മൊബിലിറ്റി യൂസര്‍ എക്‌സ്പീരിയന്‍സ് പ്രാക്ടീസ് മേധാവി സായ്രാജ് എന്നിവര്‍ സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്(ഡിസംബര്‍ 12)ഡിസൈന്‍ കേരള സമ്മിറ്റിനെ അഭിസംബോധന ചെയ്യും.