നിര്‍മാണ വസ്തുക്കളുടെ രംഗത്ത് ഈ വര്‍ഷം ഇരട്ട അക്ക വളര്‍ച്ചയുണ്ടാകുമെന്ന് അപര്‍ണ എന്റര്‍പ്രൈസസ്

Posted on: January 17, 2023

കൊച്ചി : നിര്‍മാണ വസ്തുക്കളുടെ മേഖലയില്‍ തിരിച്ചു വരവിന്റെ വര്‍ഷമായിരുന്നു 2022. അടിസ്ഥാന സൗകര്യ വികസന രംഗത്തുണ്ടായ ഉണര്‍വും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സവിശേഷതകളും ഈ വ്യവസായത്തെ ശക്തമായി തിരിച്ചു വരാന്‍ സഹായിച്ചു. നിര്‍മാണ വ്യവസായം ഇപ്പോള്‍ കോവിഡിനു മുന്‍പുള്ളതിന് അടുത്തേക്ക് എത്തിയിരിക്കുകയാണ്.

2022-ല്‍ ഈ മേഖല പത്തു ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ജിഡിപിയുടെ ഒന്‍പതു ശതമാനത്തോളം സംഭാവന ചെയ്യുകയും 51 ദശലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന ഈ മേഖല 2023-ലും ഗണ്യമായ വളര്‍ച്ചയിലേക്കാണു കുതിക്കുന്നത്. സ്ഥിതിവിവര പദ്ധതി നടപ്പാക്കല്‍ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 2022 മെയ് ഒന്നിന് രാജ്യത്ത് 26.7 ട്രില്യണ്‍ രൂപ മൂല്യം വരുന്ന 1559 പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും പൂര്‍ത്തീകരണത്തിലേക്കു നീങ്ങുന്നത് നിര്‍മാണ വസ്തു വ്യവസായ രംഗത്തിന് വന്‍ സാധ്യതയാണ് നല്‍കുന്നത്. റസിഡന്‍ഷ്യല്‍, വാണിജ്യ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വളര്‍ച്ചയും സാധ്യതകള്‍ ഉയര്‍ത്തുന്നു. 2023-ല്‍ ഈ മേഖല റെക്കോര്‍ഡ് ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ.

സര്‍ക്കാര്‍ നീക്കങ്ങളും കാഴ്ചപ്പാടുകളും ഈ രംഗത്തെ നിക്ഷേപങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും നിര്‍മാണ വസ്തു വ്യവസായ മേഖല ഇതിനെ ശുഭാപ്തി വിശ്വാസത്തോടെയാണു കാണുന്നതെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ അപര്‍ണ എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടര്‍ അശ്വിന്‍ റെഡ്ഡി പറഞ്ഞു.

ഇതിലെ ഉപമേഖലകള്‍ കണക്കിലെടുക്കുമ്പോള്‍ ആര്‍എംസി, യുപിവിസി വിന്‍ഡോ-ഡോര്‍, ടൈല്‍, മാനുഫാക്‌ചേഡ് സാന്റ് തുടങ്ങിയ മേഖലകളാവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധ്യത. നൈസര്‍ഗിക വിഭവങ്ങള്‍ക്ക് ബദല്‍ ഉപയോഗിക്കാന്‍ കൂടുതല്‍ ഉപഭോക്താക്കള്‍ തയ്യാറാവുന്നത് ഇതിനു വഴിയൊരുക്കും മാനുഫാക്‌ചേഡ് സാന്‍ഡ് അഥവാ റോബോ സാന്‍ഡ് നദിയിലെ മണലിന് ബദലാണ്. അതു പോലെ തന്നെ യുപിവിസി വിന്‍ഡോ-ഡോര്‍ സംവിധാനങ്ങള്‍ മര ജനലുകള്‍ക്കും വാതിലുകള്‍ക്കും ബദലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍എംസി വിപണി 15 ശതമാനത്തിലേറെയും യുപിവിസി 11 ശതമാനവും വളര്‍ച്ചയാവും അടുത്ത നാലു വര്‍ഷങ്ങളില്‍ കൈവരിക്കുക എന്നാണ് കണക്കാക്കുന്നത്.