ഖിദ്ദിയ വാട്ടര്‍ തീം പാര്‍ക്കിന്റെ 942 കോടി രൂപയുടെ പ്രോജക്റ്റ് വോള്‍ട്ടാസിന്

Posted on: December 15, 2022

കൊച്ചി: സൗദി അറേബ്യയിലെ റിയാദിലുള്ള ഖിദ്ദിയ വാട്ടര്‍തീം പാര്‍ക്കിന്റെ 942 കോടി രൂപയുടെ പ്രോജക്റ്റ് വോള്‍ട്ടാസിന്റെ ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് ബിസിനസ് ഗ്രൂപ്പ് കരസ്ഥമാക്കി. പാര്‍ക്കിലെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികളുടെ സ്ഥാപനവും വിതരണവുമായിരിക്കും വോള്‍ട്ടാസിന്റെ ചുമതല. സൗദി അറേബ്യയിലെ വിനോദ, കായിക, കലാ രംഗങ്ങളുടെ തലസ്ഥാനമാകുക എന്ന ലക്ഷ്യത്തോടെയുള്ള പൊതു നിക്ഷേപ പദ്ധതിയാണ് ഖിദ്ദിയ.

നവീനവും അതുല്യവുമായ അനുഭവങ്ങളായിരിക്കും ഈ അത്യാധുനീക കേന്ദ്രത്തില്‍ ഉണ്ടാകുക. വോള്‍ട്ടാസ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് ബിസിനസ് ഗ്രൂപ്പ് അതിന്റെ പാര്‍ക്ക് ആന്റ് അട്രാക്ഷന്‍സ് വിഭാഗത്തിന്റെ ഭാഗമായാണ് ഈ പദ്ധതി കരസ്ഥമാക്കിയിട്ടുള്ളത്.

സൗദി അറേബ്യയെ ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യവുമായുള്ള ഈ പദ്ധതി 2024 ഒക്ടോബര്‍ ഒന്നിന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സൗദി അറേബ്യയിലെ യുവാക്കള്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഒരിടം കൂടിയായിരിക്കും ഖിദ്ദിയ. പുതിയ തൊഴില്‍ വീഥികള്‍ക്ക് ഇവിടം അവസരമൊരുക്കുകയും കൂടുതല്‍ പുരോഗമനപരമായ സമൂഹ സൃഷ്ടിക്കു വഴിയൊരുക്കുകയും ചെയ്യും.

സൗദി അറേബ്യയിലെ മറ്റൊരു അഭിമാനകരമായ പദ്ധതി നേടിയെടുത്തതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് വോള്‍ട്ടാസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. മധ്യ പൂര്‍വ്വേഷ്യയില്‍, മുഖ്യമായും യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ 40 വര്‍ഷത്തിലേറെയായി നടത്തി വരികയാണ്.

മെച്ചപ്പെടുത്തിയ പ്രക്രിയകള്‍, ഓട്ടോമേഷന്‍, ചെലവു കുറക്കല്‍ തുടങ്ങിയവയിലൂടെ തങ്ങള്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഇന്ന് ഈ മേഖലയിലെ മുന്‍നിര മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിങ് സേവനദാതാക്കളാണ് വോള്‍ട്ടാസ്. ഗുണമേന്‍മ, ശേഷി, സുരക്ഷാ റെക്കോര്‍ഡുകള്‍ തുടങ്ങിയവയ്ക്കായി നിരവധി പുരസ്‌ക്കാരങ്ങളും വോള്‍ട്ടാസിന് ലഭിച്ചിട്ടുണ്ട്. പുതിയ ഈ പദ്ധതിയിലൂടെ വരും വര്‍ഷങ്ങളിലെ വികസനത്തിനും സഹകരണത്തിനുമായുള്ള വിപുലമായ അവസരങ്ങള്‍ ലഭിക്കുമെന്നാണു വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

TAGS: Voltas |