തൃപ്പൂണിത്തുറ മെട്രോ നിര്‍മാണം തുടങ്ങി

Posted on: August 18, 2020

കൊച്ചി : എസ്.എന്‍. ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള ഭാഗത്ത് മെട്രോയുടെ നിര്‍മാണം തുടങ്ങി. എസ്. എന്‍. ജംഗ്ഷനു ശേഷമുള്ള റെയില്‍വേ മേല്‍പ്പാലമാണ് ഈ റൂട്ടിലെ പ്രധാന വെല്ലുവിളിയെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) അധികൃതര്‍ പറഞ്ഞു.

തൃപ്പുണിത്തുറയിലേക്കുള്ള റൂട്ട് മെട്രോയെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് കെ.എം. ആര്‍.എല്‍. മാനേജിംഗ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. റെക്കോര്‍ഡ് സമയത്തിലാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1.16 കിലോമീറ്റര്‍ വരുന്നതാണ് എസ്.എന്‍. ജംഗ്ഷന്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ റൂട്ട്. കെ.ഇ.സി. ഇന്റര്‍നാഷണലും വിജയ് നിര്‍മാണ്‍ കമ്പനിയും ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനാണ് നിര്‍മാണത്തിന്റെ
കരാര്‍. 163 കോടി രൂപയാണ് ചെലവ്. 16 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.