കൊച്ചി മെട്രോ ഫ്‌ലാഗ് ഓഫ് ചെയ്തു

Posted on: January 23, 2016

Kochi-Metro-Test-run-flagof

ആലുവ : കൊച്ചി മെട്രോ സാങ്കേതികമായി യാഥാർത്ഥ്യമായി. മുട്ടം യാർഡിലെ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊച്ചി മെട്രോ ഫ്‌ലാഗ് ഓഫ് ചെയ്തു. ചൂളം വിളിച്ചു കൊണ്ട് 900 മീറ്റർ ദൈർഘ്യമുള്ള ട്രാക്കിൽ അഞ്ച് കിലോമീറ്റർ സ്പീഡിൽ മുന്നോട്ട് നീങ്ങി. കൊച്ചി മെട്രോ ഫെബ്രുവരി അവസാനം ആലുവ മുതൽ പാലാരിവട്ടം വരെയുള്ള യഥാർത്ഥ ട്രാക്കിൽ പരീക്ഷണഓട്ടം നടത്തും. കേരളത്തിന്റെ വികസനചരിത്രത്തിലെ നാഴിക്കല്ലാണ് കൊച്ചി മെട്രോയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. നവംബർ ഒന്നിന് മെട്രോ സർവീസ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, മാനേജിംഗ് ഡയറക്ടർ മങ്കു സിംഗ്, കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജ് മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, കെ. ബാബു, വി.കെ. ഇബ്രാഹിം കുഞ്ഞ്, സിഅനൂപ് ജേക്കബ്, എംപിമാരായ കെ.വി. തോമസ്, ഇന്നസെന്റ്, എംഎൽഎമാരായ എസ്. ശർമ്മ, അൻവർ സാദത്ത്, ബെന്നി ബഹനാൻ, ഹൈബി ഈഡൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഈ വർഷം അവസാനത്തോടെ കൊച്ചി മെട്രോ പാസഞ്ചർ സർവീസ് ആരംഭിക്കും. മെട്രോ സ്‌റ്റേഷനുകളുടെ നിർമാണം വൈകുന്നതാണ് സർവീസ് ആരംഭിക്കാനുള്ള മുഖ്യതടസം. കൊച്ചി മെട്രോ പാലാരിവട്ടത്ത് നിന്ന് കാക്കനാട്ടേക്ക് നീട്ടുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ചടങ്ങിലുണ്ടായി. ആലുവ മുതൽ പേട്ട വരെയാണ് ആദ്യഘട്ടത്തിലുള്ളത്.