ടെമ്പർ ചെയ്ത ചില്ല് വാതിൽ സുരക്ഷയ്ക്ക് അനിവാര്യം

Posted on: June 29, 2020

ബാഹ്യ മർദ്ദത്തെ തടുക്കാനുപകരിക്കും വിധം ടെമ്പർ ചെയ്ത് ഉപയോഗിച്ചാൽ ചില്ല് നൂറ് വർഷത്തിലേറെ പുതുമയോടെ ഈട് നൽകുന്ന ഉൽപന്നമാണെന്ന് ഈ വിഷയത്തിൽ 40 വർഷത്തെ പ്രവർത്തി പരിചയവുമായി അമേരിക്ക, യുകെ ജർമനി, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ പരിശീലനം നേടിയ കെ. ഊർമിളേഷ് കുമാർ പറഞ്ഞു.

ഒരു ക്ലീനർ ഉപയോഗിച്ച് തുടച്ചെടുത്താൽ ചില്ല് പുതിയതുപോലെ കാണപ്പെടുമെന്നതിനാൽ സിമന്റ് ചുവരുകളെപോലെ പെയിന്റടിച്ചു പുതുമ നില നിർത്തേണ്ട ആവശ്യമില്ല. എന്നാൽ ഒരു പരിമിതി ഉള്ളത്, ചില്ല് പല കാരണങ്ങൾ കൊണ്ടും പൊട്ടാം എന്നതാണ്. അടുത്തിടെ, പെരുമ്പാവൂരിൽ ഒരു യുവതി ഇത്തരത്തിൽ മരിക്കാനിടയായ സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നുവല്ലോ: അതിനാൽ തന്നെ, വാതിലിനായി ഉപയോഗിക്കുന്ന ഒന്നര മീറ്ററിൽ കൂടുതൽ ഉയരമുള്ള ചില്ലുകളെല്ലാം ടെമ്പർ ചെയ്തിരിക്കണമെന്നാണ് ഇംഗ്ലണ്ടിൽ നിയമം. ടെമ്പർ ചെയ്ത ചില്ലുടഞ്ഞാൽ ജീവാപായം സംഭവിക്കാനുള്ള സാധ്യത തുലോം കുറവാണെന്നതാണ് കാരണം. ചില്ല് ടെമ്പർ ചെയ്യാൻ ഏതാണ്ട് 690 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂടാക്കിയ ശേഷം പെട്ടെന്ന് തണുത്ത കാറ്റടിച്ച് സാധാരണ നിലയിലാക്കണം. ഇത്തരം പ്രക്രിയക്കു വിധേയമാക്കുന്ന ചില്ലു പൊട്ടിയാൽ ചെറിയ ഒട്ടേറെ കഷണങ്ങളായി ചിതറിപ്പോകും.

സുരക്ഷയെ കരുതിയാൽ, 8 മില്ലി മീറ്റർ വീതം കനമുള്ള ടെമ്പർ ചെയ്ത ഇരട്ട പാളികളും ഇടക്ക് 1,76 മില്ലി മീറ്റർ കനമുള്ള പ്ലാസ്റ്റിക് പാളിയും അടങ്ങിയ 17.76 എംഎം ടെമ്പേർഡ് ലാമിനേറ്റഡ് സേഫ്റ്റി ഗ്ലാസ്സ് ആണ് ഉപയോഗിക്കേണ്ടത് അതിനു പക്ഷേ വിലയേറും. കേരളത്തിൽ തന്നെ ഇതു നിർമ്മിക്കാൻ കഴിവുള്ള ഒട്ടേറെ നിർമ്മാതാക്കളുമുണ്ട്. ഇത്തരം ചില്ല് പൊട്ടിയാൽ പൊട്ടിയ ചില്ല് പ്ലാസ്റ്റിക് പാളിയിൽ പിടിച്ചിരുന്നോളും. താഴെ വീഴില്ല. ഒരിക്കൽ ടെമ്പർ ചെയ്ത ഗ്ലാസ്സ് പിന്നീട് മുറിക്കാൻ സാധാരണ നിലയിൽ കഴിയില്ല. ഗ്ലാസ്സ് ടെമ്പർ ചെയ്യുന്നതോടെ അഞ്ച് ഇരട്ടി ബാഹ്യമർദ്ദങ്ങളെ ചെറുക്കാനുള്ള ശക്തി ലഭ്യമാവുന്നു. എന്നിരുന്നാലും ദിവസേന 500 ലധികം ഇടപാടുകാർ വന്നു പോകുന്ന ബാങ്കുപോലുള്ള സ്ഥാപനങ്ങളിൽ മോട്ടോർ ഘടിപ്പിച്ച റിവോൾവിംഗ് ഡോറാണ് അഭികാമ്യം. ആപത്ഘട്ടങ്ങളിൽ സ്വിച്ച് ഓഫ് ചെയ്താൽ അതിനുള്ളിൽ കടന്നവർ, കുഴൽ കിണറിൽ വീണതു പോലെ ലോക്കായി അവിടെ കിടന്നോളും. വേഗത്തിൽ കീഴ്‌പ്പെടുത്താനുമാകുന്നതോടൊപ്പം എയർ ടൈറ്റായിരുക്കുമെന്നതിനാൽ എയർ കണ്ടീഷറിന്റെ പ്രവർത്തനത്തെ ബാധിക്കാതെയുമിരിക്കുമെന്ന് ഊർമിളേഷ് കുമാർ ചൂണ്ടിക്കാട്ടി. (ഫോൺ : 9447057229).