കാരിത്താസ് ആശുപത്രി വെന്റിലേറ്റര്‍ ഘടിപ്പിക്കുന്നതിനുള്ള വയര്‍ലെസ് സംവിധാനം വികസിപ്പിച്ചു

Posted on: July 16, 2020

 

 

കോട്ടയം : കോവിഡ് കാലഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കുന്നതിനായി ചെലവ് കുറഞ്ഞ കൃത്യതയാര്‍ന്ന സാങ്കേതിക വിദ്യ ലളിതമായി വികസിപ്പിച്ചെടുത്തു തെള്ളകം കാരിത്താസ് ആശുപത്രി. ചുരുങ്ങിയ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ഈ വിഡിയോ ലാരിഞ്ചോസ്‌കോപ്പ് ഉപകരണം വഴി ഓപ്പറേറ്റര്‍ക്കിതു സ്മാര്‍ട്ട് ഫോണ്‍, കംപ്യൂട്ടര്‍, ആന്‍ഡ്രോയിഡ് ടെലിവിഷന്‍ എന്നിവയിലേക്ക് വയര്‍ലെസായി 20 മീറ്റര്‍ ദൂരപരിധിയില്‍ വരെ കണക്റ്റ് ചെയ്യുവാനും അതിലൂടെ രോഗിയും ഓപ്പറേറ്ററും തമ്മില്‍ നിശ്ചിത ദൂരം നിലനിര്‍ത്തി എന്‍ഡോട്രക്കിയല്‍ ഇന്‍ട്യൂബേഷന്‍ നടത്താനും സാധിക്കും.

കോവിഡ് സമൂഹവ്യാപന ഘട്ടത്തിലെത്തില്‍ നില്‍ക്കുന്ന ഈ അവസരത്തില്‍ അത്യാസന്ന നിലയിലുള്ള രോഗിയില്‍ പരസഹായമില്ലാതെ ശ്വസനനാളത്തിലേക്കു എന്‍ഡോട്രക്കിയല്‍ ട്യൂബ് വഴി വെന്റിലേറ്റര്‍ ഘടിപ്പിക്കുമ്പോള്‍ ഓപ്പറേറ്റര്‍ക്കു രോഗിയുമായി വളരെ അടുത്ത സമ്പര്‍ക്കം വേണ്ടതിനാല്‍, അതുവഴി രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനു ബദലായി ഒരു വീഡിയോ ലാരിഞ്ചോസ്‌കോപ്പ് നിലവില്‍ ഉണ്ടെങ്കിലും ഇതിന്റെ അമിതവില മൂലം എല്ലാ ആശുപത്രികളിലും ലഭ്യമല്ല.

ഇതിനൊരു പരിഹാരമായാണ് കാരിത്താസ് ആശുപത്രിയിലെ ആര്‍എംഒ ഡോ. നൈസ് വര്‍ഗീസിന്റെ ആശയത്തില്‍ ഉരുത്തിരിഞ്ഞ ലളിതവും കൃത്യതയാര്‍ന്നതുമായ വീഡിയോ ലാരിഞ്ചോസ്‌കോപ്പ് 5000 രൂപയില്‍ താഴെ മാത്രം നിര്‍മാണ ചെലവുള്ള ഈ ഉദ്യമത്തില്‍ ഡോ. ജോണി ജോസഫ്, ഡോ. ദീപക് ഡേവിഡ്‌സണ്‍, ഡോ നിഷ പാറ്റാനി, ഡോ. അഞ്ജു എം. ദേവസ്യ, ഡോ. ജോണ്‍ മാത്യു, ഡോ. റബേക്ക സക്കറിയ, ഡോ. നവീന്‍ വടക്കന്‍, ഡോ. ആന്‍ ജോസഫ് തുടങ്ങി കാരിത്താസിലെ വിവധരംഗങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ രൂപകല്‍പനയിലും സുരക്ഷാ പഠനങ്ങളിലും പങ്കാളികളായി. ഉപകരണം വാട്ടര്‍ പ്രൂഫായതിനാല്‍ അണു നശീകരണം നടത്തി പുനരുപയോഗിക്കുവാനും സാധിക്കും.

ആരോഗ്യ രംഗത്ത് സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പുതിയ കാല്‍വയ്പുകള്‍ നടത്താന്‍ കാരിത്താസ് റിസേര്‍ച് ടീം നടത്തുന്ന പരിശ്രമങ്ങളുടെ ഫലമാണ് പുതിയ ആവിഷ്‌ക്കാരമെന്നു ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് അറിയിച്ചു. കോവിഡ് രോഗ വ്യാപനം തടയുന്നതിനായി കാരിത്താസ് റീസേര്‍ച്ച് ടീം നിര്‍മിച്ച ചെലവു കുറഞ്ഞ ഫേസ് ഷില്‍ഡ് ധാരാളം ആളുകള്‍ക്ക് പ്രയോജനകരമാണ്. ഇത്തരം നൂതന സംരംഭങ്ങള്‍ക്കു കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും ഡയറക്ടര്‍ ഫാ. ബിനു അറിയിച്ചു.