യു.എ.ഇ.യില്‍ 1,25,000 ഭക്ഷണപ്പൊതികള്‍ നല്‍കി എം. എ. യൂസഫലി

Posted on: April 26, 2020

യു. എ. ഇ.  : യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പത്‌നിയും യു. എ. ഇ. ഫുഡ് ബാങ്ക് അധ്യക്ഷയുമായ ശൈഖ ഹിന്ദ് ബിന്ത് മകതൂം ബിന്‍ ജുമ അല്‍ മക്തൂമിന്റെ റംസാന്‍ ജീവകാരുണ്യ പദ്ധതിയായ ഒരുകോടി ഭക്ഷണത്തിലേക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി രണ്ടുകോടി രൂപ സംഭാവന ചെയ്തു. കൂടാതെ കോവിഡ് ദുരിതാശ്വാസ ബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന യു.എ. ഇ.യിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും സന്നദ്ധ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും യൂസഫലി ധനസഹായം നല്‍കിയിരുന്നു.

ബഹ്‌റൈനിലെയും സൗദി അറേബ്യയിലെയും സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രണ്ടുകോടി രൂപ വീതം യൂസഫലി നല്‍കിയിരുന്നു.

പ്രധാനമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപയും മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും നേരത്തെ നല്‍കി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപയും കഴിഞ്ഞദിവസം നല്‍കി.

TAGS: M.A Yusafali |