റുപേ കാർഡ് : 21 യുഎഇ സ്ഥാപനങ്ങളുമായി ധാരണ

Posted on: August 25, 2019

അബുദാബി : റുപേ കാർഡ് ജിസിസി രാജ്യങ്ങളിൽ അവതരിപ്പിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ നടത്തി. എമിറേറ്റ്‌സ് പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിലായിരുന്നു പ്രഖ്യാപനം. എമിറേറ്റ്‌സ് പാലസ് ഹോട്ടലിൽ ഒരുക്കിയ പ്രത്യേക കൗണ്ടറിൽ നിന്നും സ്വന്തം റുപേ കാർഡ് ഉപയോഗിച്ച് മധുരപലഹാരം വാങ്ങിയാണ് പ്രധാനമന്ത്രി യുഎഇയിലെ ആദ്യ ഇടപാട് നിർവഹിച്ചത്.

ഇന്ത്യൻ രൂപയിൽ തന്നെ വിദേശരാജ്യങ്ങളിൽ വിനിമയം നടത്താനാവുന്ന വിധത്തിലാണ് റുപേ കാർഡ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുഎഇക്ക് പുറമെ സിംഗപ്പൂർ, ഭൂട്ടാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും റൂപേ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താനാകും. യുഎഇയിലെ എമിറേറ്റ്‌സ് എൻബിഡി, ഫസ്റ്റ് അബുദാബി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകൾ വഴി അടുത്തയാഴ്ച മുതൽ റൂപേ കാർഡുകൾ വിതരണം ചെയ്യും. യുഎഇയിലെ 5,000 എടിഎമ്മുകൡലും 1.75 ലക്ഷം ഔട്ട്‌ലെറ്റുകളിലും റൂപേ കാർഡ് ഉപയോഗിക്കാനാകും.

ലുലു ഗ്രൂപ്പ്, ബിആർഎസ് വെഞ്ചേഴ്‌സ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, ദുബായ് മാൾ, നികായ്, ലാൻഡ്മാർക്ക് ഗ്രൂപ്പ്, വിപിഎസ് ഹെൽത്ത്‌കെയർ, ഡിപി വേൾഡ്, ശോഭ ലിമിറ്റഡ്, ഐടിഎൽ കോസ്‌മോസ്, അല്ലാന, പെട്രോകെം മിഡിൽ ഈസ്റ്റ്, യുപിഎൽ ഗ്രൂപ്പ്, കോണാറസ്, ട്രാൻസ് വേൾഡ് ഗ്രൂപ്പ്, അൽ ഡൊബോവി, ജഷൻ മാൽ, അൽമയാ ഗ്രൂപ്പ്, ഒബ്‌റോയ്, താജ്, റീഗൽ തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങൾ റൂപേ കാർഡ് സ്വീകരിക്കും.