കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കളെ കാണാന്‍ ഷാരൂഖ് ഖാന്‍ ദുബായിലെത്തി

Posted on: May 4, 2019

കൊച്ചി: ഇന്ത്യയിലെയും മധ്യപൂര്‍വദേശങ്ങളിലേയും വിശ്വാസ്യതയാര്‍ന്ന ആഭരണബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് യുഎഇ, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്ക് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനെ നേരിട്ട് കാണാന്‍ അവസരമൊരുക്കി. ദുബായിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ കല്യാണ്‍ ഉപയോക്താക്കളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ആവേശം അലതല്ലിയ ചടങ്ങില്‍ ഷാരൂഖ് ആരാധകരോട് ദീര്‍ഘനേരം സംസാരിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും അവരോടൊപ്പം സെല്‍ഫികള്‍ക്കായി നിന്ന് കൊടുക്കുകയും ചെയ്തു.

ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനാണ് കല്യാണ്‍ ജൂവലേഴ്‌സ് എപ്പോഴും ശ്രമിക്കുന്നതെന്നും ഈ പ്രതിബദ്ധതയുടെ ഭാഗമായാണ് ഷാരൂഖ് ഖാനെ ദുബായില്‍ കൊണ്ടുവന്ന് ഉപയോക്താക്കള്‍ക്ക് അടുത്തുകാണാന്‍ അവസരമൊരുക്കിയതെന്നും കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഷാരൂഖ് ഖാനെ കാണാനും പരിചയപ്പെടാനുമുള്ള ഈ അവസരം വിശ്വസ്തരായ ഉപയോക്താക്കള്‍ക്കുള്ള ഞങ്ങളുടെ എളിയ സമ്മാനമാണ്. എന്നും പിന്തുണ നല്കുകയും കല്യാണ്‍ ജൂവലേഴ്‌സില്‍ വിശ്വാസം അര്‍പ്പിക്കുകയും ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള അവസരമൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങിനെത്തിയവര്‍ക്കായി വിവിധ കലാപരിപാടികളും മത്സരങ്ങളും ഒരുക്കിയിരുന്നു. വിജയികള്‍ക്ക് കല്യാണ്‍ ജൂവലേഴ്‌സ് ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി നല്‍കി.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഉപയോക്താക്കളുമായി സമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ താന്‍ വളരെ ആഹ്ലാദവാനാണെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. ആരാധകരുടെ അടുത്തേക്ക് എന്നെ എത്തിച്ച കല്യാണ്‍ ജൂവലേഴ്‌സ് മാനേജ്‌മെന്റിന് നന്ദി പറയുന്നു. ദുബായ്, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളിലെ ആരാധകരെ ഒരുമിച്ച് കാണാനായതില്‍ സന്തോഷമുണ്ട്. കല്യാണ്‍ ജൂവലേഴ്‌സിന് എല്ലാ ആശംസകളും നേരുന്നുവെന്നും ആരാധകരെ കൂടുതലായി കാണാന്‍ കഴിയുന്ന ഇത്തരം പരിപാടികള്‍ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഇതുവരെയുള്ള ജീവിതത്തില്‍ എന്നും ഒപ്പം നിന്ന ആരാധകരെ നേരില്‍ കാണാന്‍ കഴിഞ്ഞ ഒരു അപൂര്‍വ്വ അവസരമായാണ് ഈ ദിവസത്തെ കാണുന്നതെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. ഈ അവസരം തനിക്ക് നല്‍കിയതിനും കല്യാണ്‍ കുടുംബത്തിന്റെ ഭാഗമായി തന്നെ കാണുന്നതിനും ആത്മാര്‍ത്ഥമായി നന്ദി പറയുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ 1300 ലധികം ഉപയോക്താക്കള്‍ക്കാണ് ബോളിവുഡ് ഐക്കണും സൂപ്പര്‍സ്റ്റാറുമായ ഷാരൂഖ് ഖാനെ കാണാനുള്ള അവസരം ലഭിച്ചത്. കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളെ ദുബായിലേയ്ക്ക് എല്ലാ ചെലവുകളും സഹിതം കല്യാണ്‍ ജൂവലേഴ്‌സ് വിമാനത്തില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും കല്യാണ്‍ ജൂവലേഴ്‌സ് 800 ഉപയോക്താക്കള്‍ക്ക് ഷാറൂഖ് ഖാനെ നേരിട്ട് കാണാനും ആശംസകള്‍ അറിയിക്കാനും അവസരമൊരുക്കിയിരുന്നു.