കല്യാൺ ജൂവലേഴ്‌സ് ഒമാനിൽ 3 ഷോറൂമുകൾ തുറന്നു

Posted on: December 31, 2017

കൊച്ചി : കല്യാൺ ജൂവലേഴ്‌സ് ഒമാനിൽ ആരംഭിച്ച പുതിയ മൂന്ന് ഷോറൂമുകൾ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ ഉദ്ഘാടനം ചെയ്തു. അൽ മാബില നെസ്‌റ്റോ ഹൈപ്പർമാർക്കറ്റ്, റൂവി ഹൈ സ്ട്രീറ്റ്, ബുഷാറിലെ അവന്യൂസ് മാൾ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ. ഒമാനിലെ മൂന്ന് പുതിയ ഷോറൂമുകൾ കൂടി പ്രവർത്തനമാരംഭിച്ചതോടു കൂടി കല്യാണിന് ഇന്ത്യയിലും മിഡിൽഈസ്റ്റിലുമായി ആകെ 121 ഷോറൂമുകളായി.

ബോളിവുഡ് സൂപ്പർതാരമായ ഷാരൂഖ് ഖാൻ കല്യാൺ ജൂവലേഴ്‌സിന്റെ ബ്രാൻഡ് അംബാസഡർമാരും സിനിമാതാരങ്ങളുമായ നാഗാർജുന, പ്രഭു ഗണേശൻ, ശിവരാജ്കുമാർ, മഞ്ജു വാര്യർ എന്നിവർക്കൊപ്പമാണ് ഷോറൂമുകൾ ഉദ്ഘാടനം ചെയ്തത്. ഇതാദ്യമായാണ് ഒമാനിൽ ഒന്നിലധികം ചലച്ചിത്രതാരങ്ങൾ ഒരേ ബ്രാൻഡിന്റെ ഒന്നിലധികം ഷോറൂമുകൾ ഒരേ ദിവസം ഉദ്ഘാടനം ചെയ്യുന്നത്. കിംഗ് ഖാനെ ഒരുനോക്കുകാണാനായി ജനക്കൂട്ടം തിരക്കുകൂട്ടി.

കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാൺ ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക്, ശോഭ ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ പിഎൻസി മേനോൻ, ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ രാഘവൻ സീതാരാമൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

പരമ്പരാഗതവും നൂതനവുമായ രൂപകൽപ്പനയിലുള്ള നിത്യേനയും ആഘോഷങ്ങൾക്കും അണിയാനാകുന്നതുമായ അതീവ വിശിഷ്ടമായ ആഭരണശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഒമാനിലെ ആളുകളുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനായി പരിശ്രമിക്കുമെന്നും അവർ ഹൃദയപൂർവം ഞങ്ങളെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദേഹം പറഞ്ഞു.