ബഹ്റൈൻ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ മാർച്ചിൽ

Posted on: October 23, 2019

മനാമ : ഒന്നര ബില്ല്യൺ ഡോളർ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ബഹ്റൈൻ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ മാർച്ചിൽ പ്രവർത്തനമാരംഭിക്കുമെന്ന് ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. ബഹ്റൈൻ ദേശീയ ദിനമായ ഡിസംബർ 16-ന് ഉദ്ഘാടനം നടത്തുവാനാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ പൂർത്തിയാക്കേണ്ടതിനാലാണ് ഉദ്ഘാടനം മാർച്ച് അവസാനവാരത്തിലേക്കു മാറ്റിയത്.

ജുഫയർ ഈസാ കൾച്ചറൽ ഹാളിൽ സംഘടിപ്പിച്ച ഗവൺമെന്റ് ഫോറം എന്ന പരിപാടിയിൽ സംബന്ധിക്കാനെത്തിയ അതിഥികളുമായി സംവദിക്കവേയാണ് കിരീടാവകാശി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഹിസ്‌ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ വകുപ്പു മന്ത്രിമാർ, വ്യവസായ പ്രമുഖർ, പാർലമെന്റ്, ഷൂറാ കൗൺസിൽ അംഗങ്ങൾ, രാജകുടുംബാംഗങ്ങൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

അത്യാധുനിക സംവിധാനത്തോടെ ബഹ്റൈന്റെ ചരിത്രത്തിലെ തിലകക്കുറിയെന്നു വിശേഷിപ്പിക്കാവുന്ന പുതിയ ടെർമിനൽ നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണെന്നും ഉദ്ഘാടനം വൈകുന്നതിൽ ആശങ്ക വേണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത ബഹ്റൈൻ ഗതാഗതവകുപ്പുമന്ത്രി കമാൽ അഹമ്മദ് പറഞ്ഞു. ഇലകട്രോണിക് ബാഗേജ് ഹാൻഡ്ലിംഗ്, സെക്യൂരിറ്റി തുടങ്ങി കാര്യങ്ങൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കേണ്ടതുണ്ട്.

2,07,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന പുതിയ ടെർമിനലിൽ 4,600 ചതുരശ്രമീറ്ററിൽ ഡിപ്പാർച്ചർ ഹാൾ, 104 ചെക്ക് ഇൻ കൗണ്ടറുകൾ, 36 പാസ്പോർട്ട് കൺട്രോൾ ബൂത്തുകൾ, 24 സെക്യൂരിറ്റി സ്‌ക്രീനിംഗ് പോയിന്റുകൾ തുടങ്ങി നിരവധി സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്. നിലവിലുള്ള വിമാനത്താവളത്തിന്റെ നാലിരട്ടി വലിപ്പത്തിലാണ് പുതിയ ടെർമിനൽ പൂർത്തിയാവുന്നതെന്നും വർഷത്തിൽ 14 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാവുന്ന വിമാനത്താവളമായിരിക്കും പുതിയതെന്നും മന്ത്രി അറിയിച്ചു.

പൗരൻമാരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും യാഥാർഥ്യമാക്കാനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലും സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതക്ക് പ്രധാന പങ്കുണ്ടെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിജയം തുടരുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ജനങ്ങൾക്കും രാജ്യത്തിനും പ്രയോജനകരമാകുന്ന വിധം സർക്കാർ പദ്ധതികളുടെ തുടർപ്രവർത്തനം സാധ്യമാക്കുകയാണ് ഫോറം കൊണ്ടുദ്ദേശിക്കുന്നത്. പൊതു മേഖലയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സർക്കാർ തയാറാക്കിയ പദ്ധതി ലക്ഷ്യം കണ്ടെത്തുന്നതിന് ഉപോൽബലകമായ രൂപത്തിലുമാണ് ഫോറം ഒരുക്കിയത്. സർക്കാർ സേവനങ്ങൾ കാലോചിതമായി മെച്ചപ്പെടുത്തുന്നതിന് വിവിധ കർമപദ്ധതികൾ ഭാഗമായി ആവിഷ്‌കരിച്ചിട്ടുണ്ട്. പൊതുമേഖലയുടെ പ്രധാനനേട്ടം വിവരിക്കുന്ന ഹ്രസ്വചിത്രം ഫോറത്തിൽ പ്രദർശിപ്പിച്ചു.