ഡിസംബറില്‍ 2,50,171 ടൂവീലറുകള്‍ വിറ്റ് ഹോണ്ട

Posted on: January 6, 2023

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 2022 ഡിസംബറില്‍ 2,50,171 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2,33,151 യൂണിറ്റുകളുടെ ആഭ്യന്തര വില്പ്പനയും 17,020 യൂണിറ്റുകളുടെ കയറ്റുമതിയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 2,10,638 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വില്പ്പനയില്‍ 11 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.

മുന്‍ മാസങ്ങളും അതുപോലെ വര്‍ഷം തോറും താരതമ്യം ചെയ്യുമ്പോള്‍ വിപണി സ്ഥിരത കൈവരിക്കുന്നുണ്ടെന്നും നല്ല ഉല്‍സവ കാലവും കാലാവസ്ഥയും ഡിമാന്‍ഡില്‍ വര്‍ധനയുണ്ടാക്കിയെന്നും ഓണ്‍ലൈനിലും അല്ലാതെയും ഉപഭോക്താക്കളുമായി അടുത്തിടപെടുന്നുണ്ടെന്നും 2023ല്‍ വളര്‍ച്ചയ്ക്ക് കൂടുതല്‍ വേഗം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

ഡിയോ സ്‌പോര്‍ട്‌സ് എഡിഷന്‍, ഹോണ്ട ഷൈന്റെ സെലിബ്രേഷന്‍ എഡിഷന്‍, ആക്റ്റിവ പ്രീമിയം എഡിഷന്‍ എന്നിവയും 2022ല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചു. 125 സിസിയില്‍ ആധിപത്യം തുടരുന്നു. ഹോണ്ടയുടെ ഷൈന്‍ ബ്രാന്‍ഡിന് ഇന്ത്യയില്‍ ഒരു കോടി ഉപഭോക്താക്കളായി. കിഴക്കന്‍ മേഖലയില്‍ രണ്ടു ലക്ഷത്തിലധികം പേരെങ്കിലും ഇപ്പോള്‍ ഹോണ്ട ഗ്രാസിയ 125 ഓടിക്കുന്നുണ്ട്.

2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്, ഹോണ്ട മോട്ടോര്‍സൈക്കിളിന്റെ 2022 ഗോള്‍ഡ് വിങ് ടൂറും കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ചു. നിയോ സ്‌പോര്‍ട്‌സ് കഫേയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 2022 സിബി300ആറും ഇന്ത്യയില്‍ അവതരിപ്പിച്ചു. അതോടൊപ്പം 2022 സിബിആര്‍650ആറിന്റെ പുതിയ രണ്ടു നിറങ്ങളും അവതരിപ്പിച്ചു. ശക്തമായ സിബി300എഫും ഹോണ്ട അവതരിപ്പിച്ചു.

സൈനികര്‍ക്കായി ഹൈനസ് സിബി350, സിബി350ആര്‍എസ് എന്നിങ്ങനെ രണ്ട് പുതിയ മോഡലുകള്‍ രാജ്യത്തുടനീളമുള്ള 35 സിഎസ്ഡി ഡിപ്പോകളിലായി കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചു. കേരളത്തില്‍ ഉള്‍പ്പടെ 31 പുതിയ നഗരങ്ങളിലേക്ക് കൂടി പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയുടെ ബിഗ്വിംഗ് ഷോറൂം വ്യാപിപ്പിച്ചു. ഇപ്പോള്‍ രാജ്യത്തുടനീളമുള്ള 100ലധികം ടച്ച് പോയിന്റുകളിലൂടെയും സില്‍വര്‍ വിംഗ്‌സ് അനുഭവം ആസ്വദിക്കാം.