സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച നേട്ടം

Posted on: December 8, 2022

കൊച്ചി : ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍ അവാര്‍ഡ്‌സില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച നേട്ടം. ഏഴിനങ്ങളില്‍ ആറ് പുരസ്‌കാരങ്ങളാണ് എസ്‌ഐബി ഇത്തവണകരസ്ഥമാക്കിയത്. മുംബൈയില്‍ നടന്ന ഐബിഎ അവാര്‍ഡ് ദാനചടങ്ങില്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ രബി ശങ്കറില്‍ നിന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക്പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.

ബെസ്റ്റ് ഐടി റിസ്‌ക് മാനേജ്‌മെന്റ് വിഭാഗത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കാണ് ജേതാക്കള്‍ മികച്ച ടെക്‌നോളജി ബാങ്ക് ഒഫ് ദി ഇയര്‍, എഐ എംഎല്‍ ഉപയോഗപ്പെടുത്തുന്നതിലെ മികവ്, ഡിജിറ്റല്‍ സെയില്‍സ് & എന്‍ഗേജ്‌മെന്റ്‌സ്, ടെക്‌നോളജി ടാലന്റ് ആന്‍ഡ് ഓര്‍ഗനൈസേഷന്‍ എന്നീ ഇനങ്ങളില്‍
റണ്ണര്‍ അപ്പ് പുരസ്‌കാരങ്ങളും മികച്ച ഫിന്‍ടെക്ക് കൊളാബൊറേഷനില്‍ പ്രത്യേക പരാമര്‍ശവും സൗത്ത് ഇന്ത്യന്‍ ബാങ്ക് നേടി.

നവീന ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിന് എസ്‌ഐബി ഉണ്ടാക്കിയ തന്ത്രപ്രധാന പങ്കാളിത്തങ്ങള്‍ക്കു കൂടിയുള്ള അംഗീകാരമാണിത്. അടുത്ത തലമുറ ബാങ്കാകാനുള്ള ശ്രമത്തില്‍ സാങ്കേതികവിദ്യാ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ തുടരാന്‍ കൂടുതല്‍ പ്രചോദനം നല്‍കുന്നതാണ് ഈ നേട്ടങ്ങളെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.

ബാങ്കിംഗ് രംഗത്തെ മികവിനുള്ള ഏറ്റവും പ്രധാന പുരസ്‌കാരമാണ് ഐബിഎ അവാര്‍ഡ്‌സ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 247 ബാങ്കിംഗ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് ഈ പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നത്. ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ക്കായി ബാങ്കുകളെ പരിഗണിച്ചത് വായ്പാവിതരണത്തിന്റെ തോതനുസരിച്ച് സ്‌മോള്‍ (2 ലക്ഷംകോടി വരെ വായ്പകള്‍), മീഡിയം (25 ലക്ഷം കോടി വരെ വായ്പകള്‍), ലാര്‍ജ് (5 ലക്ഷം കോടിക്കു മുകളിലുള്ള വായ്പകള്‍) എന്നീ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചായിരുന്നു.