സൈനിക ക്ഷേമത്തിന് ഐസിഐസിഐ ബാങ്ക് 10 കോടി നൽകും

Posted on: October 10, 2017

കൊച്ചി : ഐസിഐസിഐ ബാങ്ക് സൈനിക ക്ഷേമത്തിന് 10 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുൻ സൈനികരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി ചെലവഴിക്കാനുള്ള ഈ തുകയുടെ ആദ്യ ഗഡു അഞ്ചു കോടിയുടെ ചെക്ക് ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാർ രക്ഷാ മന്ത്രാലായത്തിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമന് കൈമാറി. രണ്ടാം ഗഡു അടുത്ത വർഷവും നൽകും.

രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്നത് ധീര ജവാൻമാർക്കായി ചെയ്യുന്ന എളിയ ആദരവായി മാത്രം ഇതിനെ കണ്ടാൽ മതിയെന്ന് ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാർ പറഞ്ഞു. രക്തസാക്ഷികളായ സൈനികരുടെ മക്കളെയും വിധവകളെയും അറിവിന്റെ ലോകത്തേക്ക് നയിക്കുന്നതിനും അതുവഴി ജീവിതമാർഗം കണ്ടെത്താനും അവർക്ക് രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ പങ്കാളികളാകാൻ അവസരം നൽകുകയുമാണ് ഐസിഐസിഐ ബാങ്ക് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിചേർത്തു.

രണ്ടു പദ്ധതികളായിട്ടാണ് ഫണ്ട് വിനിയോഗിക്കുക. വിധവകളെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സഹായിക്കാനും മക്കളുടെ പഠനത്തിന് പിന്തുണ നൽകുന്നതുമാണ് ആദ്യത്തേത്. മുൻ സൈനികരുടെ പെൺമക്കളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നൽകുന്നതാണ് രണ്ടാമത്തെ പദ്ധതി. അർഹരായവരെ കണ്ടെത്തുന്നതും ഫണ്ട് നൽകുന്നതും സംബന്ധിച്ച് തീരുമാനങ്ങളെടുക്കുക കേന്ദ്രീയ സൈനിക ബോർഡായിരിക്കും.

TAGS: ICICI BANK |