ഏഴു ദശാബ്ദങ്ങള്‍ പിന്നിടുന്ന ഐസിഐസിഐ ബാങ്കിന്റെ വിജയഗാഥ

Posted on: March 12, 2024

കൊച്ചി : എഴുപതാം വര്‍ഷത്തിലേക്കു കടക്കുന്ന ഐസിഐസിഐ ബാങ്ക് ഈ വര്‍ഷങ്ങളിലൂടെയുള്ള യാത്രയിലൂടെ രാഷ്ട്രത്തെ സേവിച്ചതിനെ ആവിഷ്‌ക്കരിക്കുന്ന വീഡിയോ അവതരിപ്പിച്ചു. ബാങ്കിന്റെ മുന്‍ഗാമിയായ ഇന്‍ഡസ്ട്രിയല്‍ ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (ഐസിഐസിഐ) 1955 ജനുവരി അഞ്ചിനാണ് പ്രവര്‍ത്തനമാരംഭിച്ചത്. തദ്ദേശീയ വ്യവസായങ്ങളുടെ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കാനുള്ള സ്വതന്ത്ര ഇന്ത്യയുടെ നീക്കങ്ങളുടെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ലോക ബാങ്കും തമ്മിലുള്ള സഹകരണത്തിലൂടെയായിരുന്നു ഈ നടപടി.

ഈ വര്‍ഷങ്ങളിലുടനീളം ഐസിഐസി വിവിധ മേഖലകളിലുള്ള കമ്പനികള്‍ക്കു സാമ്പത്തിക സഹായം നല്‍കി ഇന്ത്യയുടെ വ്യാവസായിക രംഗത്തെ വളര്‍ത്താന്‍ പ്രയത്‌നിച്ചു. സമ്പദ്ഘടനയുടെ വിവിധ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കുന്ന സ്ഥാപനങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ സഹായിക്കുകയും ചെയ്തു. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഐസിഐസിഐ മുന്‍നിര ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് കമ്പനി ആരംഭിച്ചത്. ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയും ജപ്പാന് പുറത്തു നിന്നുള്ള ആദ്യ ഏഷ്യന്‍ ബാങ്ക്/ സാമ്പത്തിക സ്ഥാപനവും എന്ന ബഹുമതിയും ഇതിനു സ്വന്തമാണ്.

സമഗ്ര സാമ്പത്തിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന വിധത്തില്‍ രണ്ടായിരത്തിന്റെ തുടക്കത്തില്‍ ലൈഫ്, ജനറല്‍ ഇന്‍ഷൂറന്‍സ് മേഖലകളില്‍ പ്രവര്‍ത്തനമാരംഭിച്ചു വൈവിധ്യവല്‍ക്കരണം നടത്തി. 1995 ജനുവരി അഞ്ചിനു രൂപീകരിക്കപ്പെട്ട ഐസിഐസിഐ ബാങ്ക് സാങ്കേതിക വിദ്യാ പുതുമകള്‍ അവതരിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ്. 2002-ല്‍ ഐസിഐസിഐ ലിമിറ്റഡും ഐസിഐസിഐ ബാങ്കും ലയിച്ചത് വഴി സ്ഥാപനം റീട്ടെയില്‍, കോര്‍പ്പറേറ്റ് സാമ്പത്തിക സേവന മേഖലകളില്‍ വിപുലമായ പ്രവര്‍ത്തനങ്ങളുള്ള ആഗോള ബാങ്കായി മാറി.

സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യാ നീക്കങ്ങളുമായി ഒത്തുചേര്‍ന്നു കൊണ്ട് ബാങ്കിന്റെ പതാക വാഹക ആപ്പായ ഐ മൊബൈല്‍ പേ നാന്നൂറിലേറെ സേവനങ്ങളാണ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കും മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കുമായി നല്‍കുന്നത്. എല്ലാ ബിസിനസുകള്‍ക്കും വേണ്ടിയുള്ള നവീനമായ ബിസിനസ് ബാങ്കിങ് മൊബൈല്‍ ആപായ ഇന്‍സ്റ്റാ ബിസ് അവതരിപ്പിച്ചു കൊണ്ട് ബാങ്ക് ബിസിനസ് ബാങ്കിങ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണു കൊണ്ടു വന്നത്.

ബാങ്കിങിനും അപ്പുറത്തേക്കു പോയി സമൂഹത്തിലും പരിസ്ഥിതിയിലും മികച്ച പ്രതിഫലനങ്ങളാണ് ബാങ്ക് സൃഷ്ടിക്കുന്നത്. ബാങ്കിന്റെ സാമൂഹിക സേവന വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷന്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള വളര്‍ച്ചയ്ക്കായി താങ്ങാനാവുന്ന വിധത്തിലെ ആരോഗ്യ സേവനം, ഗ്രാമങ്ങളില്‍ ജീവിതവൃത്തിക്കായുള്ള അവസരങ്ങള്‍, സാമൂഹിക വികസനത്തിനു വേണ്ടിയുള്ള പിന്തുണ തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിനു പേരുടെ ജീവിതത്തിലാണ് മാറ്റങ്ങള്‍ വരുത്തിയത്.

TAGS: ICICI BANK |