കെ.എഫ്.സി.യില്‍ മൊറട്ടോറിയവും വായ്പാ ക്രമീകരണവും

Posted on: June 18, 2021

 

കൊച്ചി : കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് എടുത്തിട്ടുള്ള ചെറുകിട സംരംഭകരുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്ത മൊറട്ടോറിയം അനുവദിക്കും. മുതല്‍ തുകയ്ക്കാണ് അവധി. ഇത്തരം സംരംഭങ്ങളുടെ വായ്പകള്‍ റിസര്‍വ് ബാങ്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി നിഷ്‌ക്രിയ ആസ്തി ആകാതെ പുനഃക്രമീകരണം ചെയ്തു നല്‍കുകയും ചെയ്യും.

സെപ്റ്റംബര്‍ 30 വരെ ഇടപാടുകാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. 2021 മാര്‍ച്ച് 31 വരെ തിരിച്ചടവ് കൃത്യമായിരുന്ന വായകള്‍ക്കാണ് ഈ പദ്ധതി. ഇതിനായി ചാര്‍ജുകളോ അധിക പലിശയോ ഈടാക്കില്ലെന്ന് കെ.എഫ്.സി. അറിയിച്ചു. 2020 മാര്‍ച്ച് 31 വരെ കൃത്യമായി തിരിച്ചടവ് നടത്തിയ സംരംഭങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം വായ്പയുടെ 20 ശതമാനം അധിക വായ്പ നല്‍കിയിരുന്നു. കോവിഡിന്റ രണ്ടാം തരംഗത്തില്‍ ടൂറിസം മേഖലയും ചെറുകിട വ്യവസായങ്ങളും വീണ്ടും പ്രതി സന്ധിയിലായി. ഇത്തരം സംരംഭകര്‍ക്ക്
കഴിഞ്ഞ വര്‍ഷം നല്‍കിയ 20 ശതമാനത്തിനു പുറമെ 20 ശതമാനം കൂടി അധികവായ്പ അനുവദിക്കും. അതായത് 40 ശതമാനം അധിക വായ്പ.

പദ്ധതിയില്‍ മുതല്‍ തിരിച്ചടവിന് 24 മാസത്തെ സാവകാശം നല്‍കും. എന്നാല്‍, ഈ കാലയളവിലും പലിശ അടയ്യേണ്ടതിനാല്‍, വായ്പയില്‍നിന്ന് ഇത് തിരിച്ചടയ്ക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. കോവിഡ് രോഗവ്യാപനം തടയാനും രോഗികള്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കുന്ന ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്കായി ഉദാര വ്യവസ്ഥയില്‍ വായ്പ നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്തരം സംരംഭങ്ങള്‍ക്കായി കെ.എഫ്.സി. പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. 50 ലക്ഷം വരെയുള്ള വായ്പകള്‍ മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴു ശതമാനം പലിശയിലാണ് നല്‍കുന്നത്. അഞ്ചു വര്‍ഷമായിരിക്കും കാലാവധി.

ചെറുകിട വ്യവസായങ്ങള്‍, ആരോഗ്യപരിപാലനം, ടൂറിസം എന്നീ വിഭാഗങ്ങള്‍ക്കുള്ള കുറഞ്ഞ പലിശ 9.5 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമാക്കിയിട്ടുണ്ട്. ഉയര്‍ന്നപലിശ 12 ശതമാനത്തില്‍നിന്ന് 10.5 ശതമാനമായി കുറച്ചിട്ടുണ്ട്.

TAGS: KFC |