കെ.എഫ്.സി. ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു

Posted on: February 16, 2021

കൊച്ചി: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി.) ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു. പൊതുമേഖലാ ബാങ്കുകളുമായി ചേര്‍ന്ന് ബ്രാന്‍ഡ് ചെയ്ത അഞ്ചു വര്‍ഷം കാലാവധിയുള്ള റുപേ പ്ലാറ്റിനം കാര്‍ഡുകള്‍ ആയിരിക്കും നല്‍കുക. ആര്‍.ബി.ഐ. കാര്‍ഡുകളുമായി ബന്ധപ്പെട്ട് ഇറക്കിയിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഇത് പ്രാവര്‍ത്തികമാക്കുക.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ധനകാര്യ സ്ഥാപനം ഡെബിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കുന്നത്.

കെ.ഫ്.സി. കാര്‍ഡുകള്‍ ഉപയോഗിച്ച് സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും. ഇതുകൂടാതെ കാര്‍ഡുകള്‍ കെ.എഫ്.സി.യുടെ മൊബൈല്‍ ആപ്പുമായി ബന്ധപ്പെടുത്തി വലിയ തുകയുടെ ഇടപാടുകളും നടത്താം.

കെ.എഫ്.സി. സംരംഭകര്‍ക്കുള്ള വായ്പാ വിതരണവും തിരിച്ചടവും നടത്തുന്നത് ഇതുവഴി ആയിരിക്കും. കാര്‍ഡ് മുഖേന പണം കൊടുക്കുന്ന സംവിധാനം വരുമ്പോള്‍ വായ്പാ വിനിയോഗം കൃത്യമായി കെ.എഫ്.സി.ക്ക് നേരിട്ട് നിരീക്ഷിക്കാനാകും എന്ന് സി.എം.ഡി. ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു.

കാര്‍ഡ് സംവിധാനം നിലവില്‍ വന്നാല്‍ ഇത്തരം വായ്പാ തിരിച്ചടവ് കുറച്ചുകൂടി ലളിതമാകും. പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഒരു പ്രധാന പടിയാണിത്. ഇതിനു പുറമെ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും ഡെബിറ്റ് കാര്‍ഡ് നല്‍കും. അവരുടെ ശമ്പളവും മറ്റ് അലവന്‍സുകളും ഈ രീതിയില്‍ നല്‍കും.

 

TAGS: KFC |