കെ എഫ് സി ക്രഷർ മേഖലയിൽ 500 കോടി രൂപ വായ്പന നൽകും

Posted on: January 21, 2021

കൊച്ചി: ക്രഷര്‍ മേഖലയ്ക്ക് പ്രത്യേക വായ്പാ പദ്ധതികളുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി.). വിവിധ ക്രഷര്‍ അസോസിയേഷന്‍ അംഗങ്ങളുമായി നടത്തിയ വെബിനാറിലാണ് ഈ തീരുമാനം എടുത്തത്.

500 കോടി രൂപയാണ് ക്രഷറുകള്‍ക്കായി കെ.എഫ്.സി. വകയിരുത്തിയിരിക്കുന്നത്. പാരിസ്ഥിതിക അനുമതിയും അനുബന്ധ ലൈസന്‍സുകളുമുള്ള യൂണിറ്റുകള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചാല്‍ ഒരാഴ്ചയ്ക്കകം വായ്പ ലഭ്യമാക്കും. 20 കോടി വരെയുള്ള വായ്പകളാണ് അനുവദിക്കുക. പ്രോജക്ടിന്റെ 66 ശതമാനം വരെ വായ്പ നല്‍കും. ടേം ലോണ്‍ കൂടാതെ ആവശ്യമുള്ള യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പകളും അനുവദിക്കും. മറ്റു ക്രഷറുകള്‍ വാങ്ങുന്നതിനും വായ്പ അനുവദിക്കുന്നതാണ്. എട്ടു ശതമാനമാണ് കെ.എഫ്.സി.യുടെ അടിസ്ഥാന പലിശ നിരക്ക്.

ശാസ്ത്രീയമായി ക്രഷറുകള്‍ നടത്തുന്നതിന് ആവശ്യമായ ആധുനിക യന്ത്രങ്ങള്‍ക്കായി ന്യായമായ പലിശയ്ക്ക് മൂലധനം ലഭ്യമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് കെ.എഫ്.സി. സി.എം.ഡി. ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു.

TAGS: KFC |